ആലപ്പുഴ: കരുതാം ആലപ്പുഴയെ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ വയോജനങ്ങള്‍ക്ക് കരുതലേകാനായി ‘കരുതാം വയോജനങ്ങളെ , ക്യാമ്പയിന്‍ ശക്തിപ്പെടുത്താന്‍ ജില്ലാ ഭരണകൂടം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടിയില്‍ വയോജനങ്ങളുടെ റിവേഴ്‌സ് ക്വാറന്റീന്‍ ലംഘിക്കപ്പെടുന്നില്ലെന്നും വയോജനങ്ങള്‍ കോവിഡ് 19 പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്നും കാമ്പയിന്‍ ഉറപ്പാക്കും.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ ജെ.പി.എച്.എന്‍., അങ്കണവാടി പ്രവര്‍ത്തക, ആശാ പ്രവര്‍ത്തക, സാമൂഹിക സന്നദ്ധ സേനയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ഭരണകൂടം ആരംഭിച്ച, സബ്-കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രൊജക്റ്റ് സ്റ്റാറിലെ (Project S. T. A. R) സന്നദ്ധപ്രവര്‍ത്തകന്‍, കുടുംബശ്രീ പ്രവര്‍ത്തക എന്നിവരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ പുറത്തിറക്കി.

ഈ സംഘം കൃത്യമായ ഇടവേളകളില്‍ അവരുടെ പരിധിയിലെ വയോജനങ്ങളെ സന്ദര്‍ശിച്ച് റിവേഴ്‌സ് ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വയോജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പലവ്യഞ്ജന വസ്തുക്കള്‍, മരുന്നുകള്‍, കൗണ്‍സലിംഗ് എന്നിവയും നല്‍കും. വയോജനങ്ങളും കുടുംബാംഗങ്ങളും കൃത്യമായി കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കുന്നണ്ടെന്ന് ഈ കമ്മിറ്റി ഉറപ്പാക്കും. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റിവേഴ്‌സ് ക്വാറന്റൈന്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടില്ല. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍, സാമൂഹ്യ നീതി വകുപ്പ് എന്നിവരുമായി സഹകരിച്ച് വേണം ഈ കമ്മിറ്റി പ്രവര്‍ത്തിക്കാന്‍.

ജില്ലയിലെ പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ രോഗികള്‍ക്ക് ആവശ്യമായ പ്രത്യേക പരിചരണം നല്‍കണമെന്നും ജില്ല | കളക്ടറുടെ പുതിയ നിർദേശത്തിൽ പറയുന്നു. രോഗികള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ സേവനം നല്‍കണം. രോഗികളുടെ വീടുകള്‍ കൃത്യമായി സന്ദര്‍ശിക്കണം. വാര്‍ഡ് ലെവല്‍ സമിതിയുമായി ചേര്‍ന്ന് കൃത്യമായ ഏകോപനം ഉണ്ടാകണം. വയോജനങ്ങളെ പരമാവധി ആശുപത്രിയിലേക്ക് വരുത്താതെ അവര്‍ക്കാവശ്യമുള്ള സേവനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കണം. അതത് ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തണം.

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കൃത്യമായി കോവിഡ് 19 പ്രോട്ടോക്കോള്‍ പാലിക്കണം. വീടുകളിലുള്ള വയോജനങ്ങള്‍ക്ക് പ്രത്യേക പരിചരണവും സുരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. വളരെ അത്യാവശ്യമായ സാഹചര്യത്തിലൊഴിലെ വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.