റോട്ടറി ക്ലബ് തൊടുപുഴ ജില്ലാ ആശുപത്രിക്ക് സംഭാവന നല്‍കിയ മൂന്ന് പുതിയ ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം മണി നിര്‍വഹിച്ചു. വലിയ സാമ്പത്തിക ചെലവുള്ള ഡയാലിസിസ് സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്ന റോട്ടറി ക്ലബിന്റെ സേവനം ആരോഗ്യരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ കൈത്താങ്ങാണ് എന്നും പ്രാഥമിക കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആര്‍ദ്രം പദ്ധതിയിലൂടെ സേവനം നല്‍കാനാകുന്നത് ജനങ്ങള്‍ക്ക് വളരെ സഹായകമെന്നും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, ജില്ലാപഞ്ചായത്തംഗം എം.ടി മനോജ്കുമാര്‍, ഡോ. പി.കെ. സുഷമ, ഡോ. സുജിത് സുകുമാരന്‍, കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, റോട്ടറി ക്ലബ് പ്രസിഡന്റ് ജോസഫ് ലൂക്കോസ്, ബേബി ജോസഫ്, ഡോ. റെജി ജോസ്, മുഹമ്മദ് ഫൈസല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്, ബിനു ജെ, കൈമള്‍, കെ. സലീം കുമാര്‍, അനില്‍ രാഘവന്‍, സാജിര്‍ തെങ്ങുംതോട്ടത്തില്‍, പി.കെ. വിനോദ്, ഡോ.അജി പി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.