ഡോ. സാമുവൽ ഹാനിമാന്റെ 264-ാമത് ജന്മദിനം ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ജില്ലാ ഹോമിയോപ്പതി വകുപ്പും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൽപ്പറ്റ വൈൻഡ് വാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലയിലെ സർക്കാർ, സ്വകാര്യമേഖലയിലെ ഹോമിയോ ഡോക്ടർമാർക്ക് ജില്ലാ കളക്ടർ എസ്. സുഹാസ്, ഹാനിമാൻ അനുസ്മരണ പ്രതിജ്ഞ നൽകി. ജില്ലയിലെ സീനിയർ ഹോമിയോപ്പതി ഡോക്ടർമാരെ ജില്ലാ പഞ്ചായത്ത് ആരോഗ്യ സമിതി അദ്ധ്യക്ഷ എ. ദേവകി ആദരിച്ചു. ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ. കെ. സജി പ്രബന്ധം അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാചരണത്തിന്റെ ഭാഗമായി മെയ് 17 മുതൽ 21 വരെ കൊച്ചിയിൽ നടക്കുന്ന ആയുഷ് കോൺക്ലേവിന് മുന്നോടിയായും ലോക ഹോമിയോപ്പതി ദിനാചരണം പ്രമാണിച്ചും ജില്ലയിൽ ഏപ്രിൽ 12 മുതൽ മെഗാ മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവൽക്കരണ സെമിനാറുകളും കൗൺസിലിംഗ് ക്ലാസുകളും ആരോഗ്യ വിജ്ഞാന ബോധവൽക്കരണ പ്രദർശനങ്ങളും നടത്തും.