കൊച്ചി: തൃപ്പൂണിത്തുറയില്‍ ബാങ്ക് ജപ്തിയുടെ പേരില്‍ കിടപ്പാടം നഷ്ടമായ കുടുംബത്തിന് സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ ആധാരം തിരികെ ലഭിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ സി. രവീന്ദ്രനാഥാണ് കെ.ആര്‍ രാമന്‍ – വിലാസിനി ദമ്പതികള്‍ക്ക് കളക്ടറേറ്റില്‍ ആധാരം തിരികെ നല്കിയത്.
കെ ആര്‍ രാമനും വിലാസിനിയും മകന്‍ ദിനേശന് ഇഷ്ടദാനമായി നല്കിയതായിരുന്നു രണ്ടു സെന്റ് ഭൂമിയും വീടും. തൃപ്പൂണിത്തുറ സര്‍വീസ് കോഓപറേറ്റീവ് ബാങ്കില്‍ നിന്ന് ദിനേശന്‍ എടുത്ത ഒന്നരലക്ഷം രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നാണ് കുടുംബത്തിന് ജപ്തി നടപടി നേരിടേണ്ടി വന്നത്. ജപ്തിയുടെ പേരില്‍ വീട്ടില്‍നിന്നിറക്കി വിട്ട വയോധിക ദമ്പതികളെ പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് അതേ വീട്ടില്‍ തന്നെ താമസിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ വീടും സ്ഥലവും ലേലത്തില്‍ പിടിച്ച രജനി ജ്യോതികുമാര്‍ തനിക്കു ചെലവായ തുക ലഭിച്ചാല്‍ പിന്‍വാങ്ങാന്‍ തയ്യാറാണെന്നറിയിച്ചു. സര്‍ക്കാര്‍ മൂന്നു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ബാക്കി തുക സമാഹരിക്കുകയും ചെയ്തു.  രജനി ജ്യോതികുമാറിന് ഈ തുക നല്കിയതിനെത്തുടര്‍ന്നാണ് ആധാരം ദമ്പതികളുടെയും മകന്‍ ദിനേശന്റെയും പേരില്‍ തിരിച്ച് രജിസ്റ്റര്‍ ചെയ്ത് നല്കിയത്.
കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ആന്റണി ജോണ്‍, എഡി.എം എം.കെ. കബീര്‍, തഹസില്‍ദാര്‍ എന്‍ ആര്‍ വൃന്ദാദേവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.