എറണാകുളം: കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളുമായി വിദ്യാർത്ഥികളും ഉത്തരങ്ങളുമായി എക്സൈസ് ഉദ്യോഗസ്ഥരും അണി നിരന്നതോടെ ലഹരി വിരുദ്ധ മുഖാമുഖം ശ്രദ്ധേയമായി. സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലെ വിമുക്തി ലഹരിവർജന മിഷൻ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മുഖാമുഖമാണ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായത്.
പൂത്തോട്ട കെ.പി.എം.എച്ച്.എസ്.എസി.ലെ 82 ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും വിമുക്തി മിഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമാണ് മുഖാമുഖത്തിൽ പങ്കെടുത്തത്. ഒൺലൈൻ വഴി ലഹരി വിരുദ്ധ ക്ലാസുകൾ നൽകുന്ന പതിവ് രീതിക്ക് പകരം വകുപ്പിനെക്കുറിച്ചും ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കുള്ള സംശയങ്ങളും ആശയങ്ങളും ചോദ്യങ്ങളായി അവതരിപ്പിക്കുകയായിരുന്നു ഓൺലൈൻ മുഖാമുഖത്തിൽ.
എക്സൈസ് വകുപ്പിന്റെ പ്രവർത്തനം, ലഹരി വിരുദ്ധ പ്രവർത്തനം, കൗമാരക്കാരിലെ ലഹരിയുടെ സ്വാധീനം, ഇത് തിരിച്ചറിയുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങി ഒന്നര മണിക്കൂർ നീണ്ട മുഖാമുഖത്തിൽ വിവിധ ചോദ്യങ്ങളാണ് വിദ്യാർത്ഥികളിൽ നിന്നുയർന്നത്. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ. എ. ഫൈസൽ അധ്യക്ഷത വഹിച്ചു. അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി മാനേജർ ജി.സജിത് കുമാർ ഉദ്ഘാടനം ചെയ്തു.
അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ. വിജയൻ ആമുഖ പ്രഭാഷണം നടത്തി. എൻ.എസ്.എസ്. ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി. അഭിലാഷ് മോഡറേറ്ററായി. സ്കൂൾ പ്രിൻസിപ്പാൾ സ്വപ്ന വാസവൻ, അധ്യാപകരായ ടി. സുനിത, അഞ്ജന എന്നിവർ പ്രസംഗിച്ചു. അനഘ സുധീർ സ്വാഗതവും സാരംഗി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വിമുക്തി മാനേജർ ജി.സജിത്കുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർ പി.എ.വിജയൻ എന്നിവർ മറുപടി നൽകി. വിമുക്തിമിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് മുഖാമുഖം സംഘടിപ്പിക്കുന്നത്.