എറണാകുളം: സംസ്ഥാന എക്സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി ലഹരി വർജന മിഷനും എറണാകുളം കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കും സംയുക്തമായി ജില്ലയിൽ നടത്തുന്ന ‘ജാഗ്രത ‘ ക്യാമ്പയിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ആലങ്ങാട്, പറവൂർ ബ്ലോക്കുകളിലെ കുടുംബശ്രീയംഗങ്ങൾക്കായി പരിശീലനം നടത്തി.

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശീലനം. സ്നേഹിത കൗൺസിലർ കവിതാ ഗോവിന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അസി.എക്സൈസ് കമ്മീഷണർ ആന്റ് വിമുക്തി മാനേജർ ജി.സജിത്കുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ കെ.എ. ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി.

മൂവാറ്റുപുഴ വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ബിബിൻ ജോർജ് ലഹരിയും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. കമ്യൂണിറ്റി കൗൺസിലർ കൈരളി സ്വാഗതവും കമ്യൂണിറ്റി കൗൺസിലർ പ്രഷീദ നന്ദിയും പറഞ്ഞു.നൂറ് കുടുംബശ്രീയംഗങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.സാമൂഹ്യ മേളയോടനുബന്ധിച്ച് ഒക്ടോബർ 10 ന് ലോക മാനസീകാരോഗ്യ ദിനത്തിലായിരുന്നു പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നത്.