എറണാകുളം: ഇതു വരെ പരിചിതമല്ലാത്ത തിരഞ്ഞെടുപ്പ് അനുഭവങ്ങളാണ് കോവിഡ് കാലം ഓരോരുത്തര്‍ക്കും നല്‍കുന്നത്. സാമൂഹിക അകലവും മാസ്‌കും സാനിറ്റൈസറുമെല്ലാം നിത്യ ജീവിതത്തിന്റെ ഭാഗമാവുമ്പോള്‍ തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ രോഗവാഹകരാവുന്നില്ല എന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ ആണ് ആരോഗ്യ വകുപ്പ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഓരോ ഉദ്യോഗസ്ഥനും നല്‍കുന്നത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന ഉറപ്പാക്കുക ആണ് ആദ്യ പടി. ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നു. പനി, ചുമ, ശ്വാസ തടസ്സം, ക്ഷീണം, ശരീര വേദന, തലവേദന, രുചിയും മണവും തിരിച്ചറിയാതിരിക്കുക, മൂക്കൊലിപ്പ്, തൊണ്ട വേദന,തൊണ്ടയില്‍ കരകരപ്പ് തുടങ്ങി കോവിഡിന്റെ ഏറ്റവും നിസാരമായ ലക്ഷണങ്ങള്‍ പോലും ലളിതമായി തള്ളിക്കളയാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കൂടാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ദിവസേന ശരീര താപനില പരിശോധിക്കുകയും ചെയ്യണം. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ കോവിഡ് 19 ആന്റിജന്‍ പരിശോധന നടത്തും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കുന്ന എല്ലാ പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ ഇലക്ഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധനക്കുള്ള സൗകര്യമൊരുക്കാനും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന രോഗലക്ഷണമുള്ള ഉദ്യോഗസ്ഥര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി രോഗബാധിതനല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്ന ജീവനക്കാര്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന ദിവസം ആന്റിജന്‍ പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഹാജരാവണം. പോസിറ്റീവ് ആകുന്നവരെ തിരഞ്ഞെടുപ്പ് ജോലികളില്‍ നിന്നും ഒഴിവാക്കും.

മാസ്‌കും സാമൂഹിക അകലവും കൈകളുടെ ശുചിത്വവും ഓരോ ഉദ്യോഗസ്ഥരും സ്വയമായി പാലിക്കണം. വസ്തുക്കള്‍ കൈമാറുന്നതിന് മുമ്പായി യഥാവിധം സാനിറ്റൈസ് ചെയ്തു എന്നും ഉറപ്പ് വരുത്തണം. പരമാവധി ഒരാള്‍ ഉപയോഗിക്കുന്ന വസ്തു കൈമാറ്റം ചെയ്യാതിരിക്കുക എന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം.