കാഴ്ചപരിമിതിയും ശാരീരിക അവശതയുമുള്ള സമ്മതിദായകർക്ക് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിഞ്ഞോ ബട്ടൺ അമർത്തിയോ ബാലറ്റ് ബട്ടനോട് ചേർന്ന  ബ്രയിൽ ലിപി സ്പർശിച്ചോ സ്വയം വോട്ട് ചെയ്യാൻ  കഴിയില്ലെന്ന് പ്രിസൈഡിംഗ് ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ സഹായിയെ അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.

വോട്ട് ചെയ്യുന്നതിന് വോട്ടർ നിർദ്ദേശിക്കുന്ന സഹായിയെയാണ് അനുവദിക്കുക. ഇയാൾക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. പ്രത്യക്ഷത്തിൽ കാഴ്ചക്ക് തകാരാറുള്ള സമ്മതിദായകരോട് വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങൾ വേർതിരിച്ച് അറിഞ്ഞോ ബ്രയിൽ ലിപി സ്പർശിച്ചോ വോട്ട് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചറിഞ്ഞ ശേഷമായിരിക്കും സഹായിയെ അനുവദിക്കുക.സ്ഥാനാർത്ഥിയെയോ പോളിംഗ് ഏജന്റിനെയോ സഹായിയായി അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറോ മറ്റേതെങ്കിലും പോളിംഗ് ഓഫീസറോ വോട്ട് രേഖപ്പെടുത്തുന്ന സ്ഥലത്തേക്ക് പോകാൻ പാടില്ല.

സമ്മതിദായകന് വേണ്ടി രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊള്ളാമെന്നും അന്നേ ദിവസം ഏതെങ്കിലും പോളിംഗ് സ്‌റ്റേഷനിൽ മറ്റേതെങ്കിലും സമ്മതിദായകന്റെ സഹായായി പ്രവർത്തിച്ചിട്ടില്ലെന്നും രേഖപ്പെടുത്തിയ പ്രഖ്യാപനം സഹായി നിർദ്ദിഷ്ട ഫോറത്തിൽ നൽകണം. ഇത്തരത്തിലുള്ള രേഖ 22-ാം ഫോറത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർ പ്രത്യേക കവറിൽ വരണാധികാരികൾക്ക് അയച്ച് കൊടുക്കണം. ശാരീരിക അവശതയുള്ളവരെ ക്യൂവിൽ നിർത്താതെ പോളിംഗ് സ്‌റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കും.