കാസര്‍ഗോഡ്: കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിന് കുമ്പള ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് സിഎച്ച്‌സിയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നടത്തി. സാനിറ്റെസര്‍, മാസ്‌ക്ക്, സാമൂഹ്യ അകലം എന്ന എസ്എംഎസ് പാലിച്ചുകൊണ്ടുള്ള പ്രചരണം നടത്തുന്നതിന് വേണ്ടിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. 69 സ്ഥാനാര്‍ത്ഥികളില്‍ 55 പേര്‍ രണ്ട് ബാച്ചുകളിലായി പങ്കെടുത്തു.

കോവിഡ് ബാധിതരുള്ള വീടുകളും ക്വാറന്റെയിനിലുള്ളവരുടെ വീടുകളിലും പ്രചരണത്തിനായി സ്ഥാനാര്‍ത്ഥികളും സംഘവും പോകാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥികളെ ഓര്‍മിപ്പിച്ചു. ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭണികള്‍, പത്ത് വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ചവര്‍, പാലിയേറ്റീവ് രോഗികള്‍ എന്നിവരെ സമ്പര്‍ക്കത്തില്‍ നിന്നും ഒഴിവാക്കണം.

കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍നിന്നും മാറി നില്‍ക്കുകയും കോവിഡ് പരിരോധനയ്ക്ക് വിധേയരാവുകയും വേണം. സ്ഥാനാര്‍ത്ഥികള്‍ കോവിഡ് പൊസിറ്റീവായാല്‍ പ്രചരണത്തില്‍ നിന്നും മാറിനിന്ന് ക്വാറന്റയിനില്‍ പ്രവേശിക്കണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനുശേഷം ആരോഗ്യ വകുപ്പിന്റെ തിര്‍ദ്ദേശാനുശരണം മാത്രമേ തുടര്‍ പ്രവര്‍ത്തനം പാടുള്ളൂ. ആലിംഗനം,ഹസ്തദാനം,ദേഹത്ത് സ്പര്‍ശിക്കുക,അനുഗ്രഹം വാങ്ങുക,കുട്ടികളെ എടുക്കുക എന്നിവ ചെയ്യരുത്.

പ്രചരണത്തില്‍നോട്ടീസുകള്‍,ലഘുലേഖകള്‍,പരിമിതപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളുടെ ബാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും പരിശീലനത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കുമ്പള കൃഷി ഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി ടി ദിപേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്‌റഫ് ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കുര്യാക്കോസ് ഈപ്പന്‍ ,ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് എന്നിവര്‍ സംസാരിച്ചു.