കോട്ടയം:  ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് പ്രകൃതി ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം. കാറ്റിന്റെ വേഗം 60 കിലോമീറ്ററില്‍ അധികമാകാന്‍ ഇടയുള്ള കേന്ദ്രങ്ങളില്‍ അടിയന്തര സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് മാറുന്നതിന് സജ്ജരായിരിക്കാന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങളെ അറിയിക്കുന്നുണ്ട്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ജനങ്ങളെ സുരക്ഷിതരായി താമസിപ്പിക്കുന്നതിനുള്ള ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ഇന്ന്(ഡിസംബര്‍ 4) ഒരു ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തി
ജില്ലയില്‍നിന്നും മത്സ്യബന്ധനത്തിന് പോയിരുന്ന തൊഴിലാളികള്‍ മത്സ്യത്തൊഴിലാളി സൊസൈറ്റികള്‍ മുഖേന ജില്ലാ ദുരന്തനിവാരണ അതോറിറ്റി നല്‍കിയ അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് തിരികെയെത്തി. മത്സ്യത്തൊഴിലാളി മേഖലകളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍മെന്റിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.

എന്‍.ഡി.ആര്‍.എഫ് കോട്ടയത്ത്
ബുധനാഴ്ച്ച ജില്ലയില്‍ എത്തിച്ചേര്‍ന്ന എന്‍.ഡി.ആര്‍.എഫ് സംഘം വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തി. ഇന്നു(ഡിസംബര്‍ 5) രാവിലത്തെ സാഹചര്യം വിലയിരുത്തിയശേഷമായിരിക്കും കോട്ടയത്ത് ക്യാമ്പു ചെയ്യുന്ന ഇവരുടെ സേവനം ആവശ്യമുള്ള മേഖല ഏതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിക്കുക.

പോലീസും ഫയര്‍ഫോഴ്‌സും സജ്ജം
പോലീസ്, ഫയര്‍ ഫോഴ്‌സ്, ഉദ്യോഗസ്ഥരുടെ വിന്യാസം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ആവശ്യമായ സാമഗ്രികളുടെയും വാഹനങ്ങളുടെയും ലഭ്യത ഉറപ്പാക്കി. പ്രാദേശിക തലങ്ങളില്‍ കുറ്റമറ്റ ജാഗ്രതാ സംവിധാനം ഉറപ്പാക്കുന്ന ചുമതല വില്ലേജ് ഓഫീസര്‍മാര്‍ക്കാണ്.

പഴക്കമുള്ള ഹോര്‍ഡിംഗുകള്‍ നീക്കണം
അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റുന്ന നടപടികളും മുന്നൊരുങ്ങളുടെ ഭാഗമായി വൈദ്യുതി വിതരണ സംവിധാനത്തിന്റെ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളിലും പരിസരങ്ങളിലുമുള്ള കാലപ്പഴക്കം ചെന്ന പരസ്യ ഹോര്‍ഡിംഗുകള്‍ മറിഞ്ഞു വീണ് അപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവ അടിയന്തരമായി നീക്കം ചെയ്യാന്‍ സ്ഥലം ഉടമകള്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.

മൊബൈല്‍ കമ്പനികളുടെ സഹകരണം തേടി
ശക്തമായ കാറ്റുമൂലം സേവനം തടസപ്പെടുന്ന പക്ഷം സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് ജില്ലാ കളക്ടര്‍ രേഖാമൂലം നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യത്തില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഹാം റേഡിയോ സംവിധാനവും പ്രയോജനപ്പെടുത്തും.