കണ്ണൂർ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പുറത്തിറക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രകാശനം ചെയ്തു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ അസി.കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഏറ്റുവാങ്ങി.  എ ഡി എം ഇ പി മേഴ്‌സി, ഐ ആന്റ് പി ആര്‍ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍, തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വോട്ടര്‍ പട്ടിക സംബന്ധിച്ച വിശദാംശങ്ങള്‍, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ ഡിവിഷനുകളിലെ സ്ഥാനാര്‍ഥികള്‍, 2015 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ട്‌നില സംബന്ധിച്ച വിശദാംശങ്ങള്‍, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, ഹരിത പെരുമാറ്റച്ചട്ടം, കൊവിഡ് പ്രത്യേക തപാല്‍ വോട്ട് സംബന്ധിച്ച മാര്‍ഗ രേഖ തുടങ്ങി തെരഞ്ഞെടുപ്പിന് മുന്നോടിയായി അവശ്യം വേണ്ട വിവരങ്ങളും വിശദാംശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഇലക്ഷന്‍ ഗൈഡ് ഒരുക്കിയിട്ടുള്ളത്.  ജില്ലയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ഗൈഡില്‍ നിന്നും ലഭിക്കും. ബഹുവര്‍ണ്ണ കവറുള്‍പ്പെടെ അറുപത് പേജുകളിലായാണ് ഇലക്ഷന്‍ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.