കണ്ണൂർ: കൊവിഡ് 19 ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ പ്രത്യേക തപാല്‍ ബാലറ്റുകളുടെ വിതരണം ഇന്നു (ശനിയാഴ്ച) മുതല്‍ ആരംഭിക്കും. സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിനും ശേഖരണത്തിനുമായി രൂപീകൃതമായ സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, സ്‌പെഷ്യല്‍ പോളിംഗ് അസിസ്റ്റന്റ്, പൊലിസ് ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന ടീമാണ് വിതരണത്തിന് നേതൃത്വം നല്‍കുകയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.

കൊവിഡ് പോസിറ്റീവ് ആയവരേയും ക്വാറന്റൈനില്‍ കഴിയുന്നവരേയും സ്‌പെഷ്യല്‍ വോട്ടേഴ്‌സായി (എസ്വി) പരിഗണിച്ചാണ് ഇവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അഥവാ എസ്പിബി വഴി വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. ഇവരുടെ പട്ടിക ജില്ലാതല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ (ഡിഎച്ച്ഒ) ആണ് തയ്യാറാക്കുക. ഫോറം 19 എയില്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ.

വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് മുതല്‍ വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് മൂന്ന് മണി വരെ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് എസ് പി ബി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണിക്ക് ശേഷം പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പോളിങ്ങ് ബൂത്തുകളില്‍ ചെന്ന് വോട്ട് ചെയ്യുന്നതിന് സൗകര്യമൊരുക്കും. അവസാന മണിക്കൂറില്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ മറ്റ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ഇവര്‍ക്ക് വോട്ട് ചെയ്യാനാവുക.

ഒരു ജില്ലയിലെ സ്‌പെഷ്യല്‍ വോട്ടര്‍മാരുടെ സാക്ഷ്യപട്ടിക ഫോറം 19 എ യില്‍ തയ്യാറാക്കി ജില്ലാ ആരോഗ്യ ഓഫീസര്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കണം. വോട്ടെടുപ്പിന്റെ പത്ത് ദിവസം മുമ്പാണ് ആദ്യ പട്ടിക നല്‍കേണ്ടത്. തുടര്‍ന്നുള്ള എട്ട് ദിവസങ്ങളിലായി വോട്ടെടുപ്പിന്റെ തലേന്ന് മൂന്ന് മണി വരെ ദൈനംദിന പട്ടിക സമര്‍പ്പിക്കണം. കൊവിഡ് പോസിറ്റീവ് ആയവരേയും നിശ്ചിത ദിവസത്തേക്ക് ക്വാറന്റൈയിനില്‍ പോയവരെയും മാത്രമേ പട്ടികയില്‍ ചേര്‍ക്കാവൂ. തുടര്‍പട്ടികയില്‍ പുതിയ കൊവിഡ് പോസിറ്റീവ് രോഗികളെ ചേര്‍ക്കണം. ആരോഗ്യവകുപ്പ് അറിയാതെ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരെ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല.

ഡിസംബര്‍ 14 ന് വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇന്നാണ് (ഡിസംബര്‍ അഞ്ച്) ആദ്യ പട്ടിക സമര്‍പ്പിക്കുക. പിന്നീട് ഡിസംബര്‍ 13ന് വൈകിട്ട് മൂന്ന് മണി വരെ ഓരോ ദിവസവും തുടര്‍ പട്ടിക നല്‍കണം. പട്ടികയില്‍ ഉള്‍പ്പെടുകയും വോട്ടെടുപ്പിന് പത്ത് ദിവസത്തിനിടെ നെഗറ്റീവ് ആവുകയോ ക്വാറന്റൈയിന്‍ പൂര്‍ത്തിയാവുകയോ ചെയ്തവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വഴി മാത്രമേ വോട്ട് ചെയ്യാനാവൂ.  സ്‌പെഷ്യല്‍ തപാല്‍ വോട്ടിന് അര്‍ഹരായി സര്‍ട്ടിഫൈഡ് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നേരിട്ട് ബൂത്തില്‍ പോയി വോട്ട് ചെയ്യാനാവില്ല.

സ്‌പെഷ്യല്‍ വോട്ടര്‍ക്ക് റിട്ടേണിംഗ് ഓഫീസറോട് നേരിട്ടും പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാവുന്നതാണ്. ആരോഗ്യ വകുപ്പില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം (ഫോറം 19 സി) ഫോറം 19 ഡിയിലാണ് അപേക്ഷിക്കേണ്ടത്. ഇതനുസരിച്ച് ആര്‍ ഒ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും.  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് നേരിട്ടാണ് ബാലറ്റുകള്‍ എത്തിക്കുക. പോള്‍ ചെയ്ത ബാലറ്റുകള്‍ സീല്‍ ചെയ്ത കവറില്‍ ആര്‍ഒയ്ക്ക് നേരിട്ട് കൈമാറുകയോ തപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം.
തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ വോട്ടറെ കാണാന്‍ വരുന്ന ദിവസവും സമയവും എസ് എം എസ് വഴിയോ ഫോണിലൂടെയോ വോട്ടറെ അറിയിക്കണം. സ്ഥാനാര്‍ഥികളെയും ഇക്കാര്യമറിയിക്കണം. വേണമെങ്കില്‍ വോട്ടിങ്ങ് രീതി നിരീക്ഷിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രതിനിധികളെ അയക്കാവുന്നതാണ്.

ബാലറ്റ് സ്വീകരിക്കാന്‍ സ്‌പെഷ്യല്‍ വോട്ടര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അക്കാര്യം ഫോറം 19 ബിയില്‍ രേഖപ്പെടുത്തണം. വോട്ടറുടെ സത്യവാങ്മൂലം സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തും. ആശുപത്രിയില്‍ കഴിയുന്ന സ്പെഷ്യല്‍ വോട്ടറുടെ സത്യവാങ്മൂലം മെഡിക്കല്‍ ഓഫീസര്‍ക്ക് സാക്ഷ്യപ്പെടുത്താം. വോട്ടറുടെ പേരും തിരിച്ചറിയല്‍ രേഖ സംബന്ധിച്ച വിവരങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തും. വോട്ടര്‍ക്ക് സമ്മതമാണെങ്കില്‍ വോട്ട് രേഖപ്പെടുത്തി സീല്‍ ചെയ്ത ബാലറ്റ് പോളിംഗ് ഓഫീസര്‍ക്ക് സ്വീകരിക്കാം. അതല്ലെങ്കില്‍ വോട്ടര്‍ക്ക് വോട്ട് ചെയ്ത പോസ്റ്റല്‍ ബാലറ്റ് നേരിട്ട് റിട്ടേണിംഗ് ഓഫീസര്‍ക്ക് അയച്ച് കൊടുക്കാം. കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാവണം നടപടിക്രമങ്ങള്‍. തപാല്‍ ബാലറ്റ് വിതരണവും തിരികെ സ്വികരിക്കലും വോട്ടെടുപ്പിന്റെ തലേന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം.

വോട്ടിംഗിന്റെ തലേന്ന്  മൂന്ന് മണിക്ക് ശേഷം കൊവിഡ് പോസീറ്റീവായി സി എല്ലില്‍ ഉള്‍പ്പെടുന്ന വോട്ടര്‍മാരെയാണ് അവസാന മണിക്കൂറില്‍ ബൂത്തില്‍ച്ചെന്ന് വോട്ട് ചെയ്യാന്‍ അനുവദിക്കുക. ഇവരെ ബൂത്തിലെത്തിക്കാന്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഡ്രൈവര്‍ പിപിഇ കിറ്റ് ധരിക്കണം. ഇവര്‍ക്ക് സഹായികള്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.