പാലക്കാട്:വോട്ടെടുപ്പ് ദിവസം കർശനമായി പാലിക്കേണ്ട നിർദ്ദേശങ്ങൾ 

1. വോട്ടര്‍മാര്‍ നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.

2. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കേണ്ടതാണ്.

3. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല.

4. ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലും നഗരസഭയാണെങ്കില്‍ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക് ഉപയോഗിക്കരുത്.

5. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.

6. സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കുന്നതിന് പോളിംഗ് ബൂത്തുകള്‍ക്ക് സമീപം, രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മ്മിക്കുന്ന ക്യാമ്പിന്റെ പരിസരം എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്.

7. സ്ഥാനാര്‍ത്ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാണെന്ന് ഉറപ്പു വരുത്തണം. ക്യാമ്പുകളില്‍ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.

8. വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

പോളിംഗ് ബൂത്ത്

സമ്മതിദായകര്‍ ഒഴികെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃതമായ പാസില്ലാത്ത ആരും പോളിംഗ് ബൂത്തുകളില്‍ പ്രവേശിക്കാന്‍ പാടില്ല.