തൃശ്ശൂർ:ജില്ലയിലെ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വഴി സമ്മതിദാനാവകാശം നിര്‍വഹിക്കാമെന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഇതുസംബന്ധിച്ച് ജില്ലയിലെ എല്ലാ വരണാധികാരികള്‍ക്കും ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കുമാണ് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്.

ജില്ലയിലെ കോവിഡ് രോഗികളുടെയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെയും എണ്ണം കൂടുതലായതിനാല്‍ ഓരോ വോട്ടറെയും കണ്ടെത്തുന്നത് ദുഷ്‌കരമായ സാഹചര്യത്തിലാണ് പരിമിത സമയത്തിനുള്ളില്‍ വോട്ടര്‍പ്പട്ടികയില്‍ ഇവരുടെ വോട്ടുകള്‍ ഉറപ്പുവരുത്താനുള്ള നടപടി.

ഇതുപ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന പട്ടിക തദ്ദേശ സ്ഥാപനം തിരിച്ച് 2 പകര്‍പ്പ് അച്ചടിച്ച് എല്ലാ വരണാധികാരികള്‍ക്കും നല്‍കും. വരണാധികാരികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും സംഘങ്ങള്‍ ഒന്നിച്ചിരുന്ന് പട്ടികയിലെ വിവരങ്ങള്‍ വെച്ച് കണ്ടെത്താവുന്ന മുഴുവന്‍ പേര്‍ക്കും പ്രത്യേക തപാല്‍ ബാലറ്റ് നല്‍കുന്നതിന് നടപടി സ്വീകരിക്കും

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ ഫോറം 19 എ യുടെ ഒരു പകര്‍പ്പ് ഓരോ പേരുകാരുടെയും നേരെ കൃത്യമായ വിവരങ്ങള്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തി വരണാധികാരിയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറും ഒപ്പിട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് തിരികെ നല്‍കണം. ഇപ്രകാരം ജില്ലാ കലക്ടറേറ്റില്‍ തിരികെ ലഭിക്കുന്ന ഫോറം 19 എ യിലെ കുറിപ്പുകള്‍ക്കനുസരിച്ച് മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍മാരുടെ വിവരങ്ങള്‍ കലക്ടറേറ്റിലെ എസ് പി ബി സെല്‍ വഴി അതാത് വരണാധികാരികള്‍ക്ക് കൈമാറുകയും വേണം.