സമഗ്ര, നവചേതന ക്ലാസുകള്‍ക്ക് തുടക്കം
 കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ട് 27 വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷികം ആചരിച്ചു. ഇതോടൊപ്പം പട്ടികവര്‍ഗ, പട്ടികജാതി വിഭാഗങ്ങള്‍ക്കായി സമഗ്ര, നവചേതന പദ്ധതികള്‍പ്രകാരമുള്ള  ക്ലാസുകള്‍ക്കും തുടക്കമായി.
ജില്ലാ പഞ്ചായത്ത് അനക്‌സ് ഹാളില്‍ നടന്ന ചടങ്ങില്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ  വാര്‍ഷിക ദിനാചരണവും സമഗ്ര, നവചേതന ക്ലാസുകളുടെ ഉദ്ഘാടനവും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.ജി.സി.ബഷീര്‍ നിര്‍വഹിച്ചു. ജില്ലയില്‍ കള്ളാര്‍, വെസ്റ്റ് എളേരി, കുറ്റിക്കോല്‍, മടിക്കൈ, കുമ്പള പഞ്ചായത്തുകളിലെ അഞ്ചു പട്ടികവര്‍ഗ കോളനികളിലാണ് സമഗ്ര പദ്ധതി നടപ്പിലാക്കുന്നത്. തൃക്കരിപ്പൂര്‍, എന്‍മകജെ, മംഗല്‍പാടി പഞ്ചായത്തുകളിലെ മൂന്നു പട്ടികജാതി കോളനികളിലാണ് നവചേതന പദ്ധതി നടപ്പിലാക്കുന്നത്. ഈ പാഠ്യപദ്ധതികളുടെ പുസ്തകങ്ങളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശാന്തമ്മ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ജില്ലയിലെ മുതിര്‍ന്ന സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകനും തുല്യതാ  കോഴ്‌സ് കണ്‍വീനറുമായ കെ.വി.രാഘവന്‍ മാസ്റ്ററെ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി  ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ ആദരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, ജില്ലാ പഞ്ചായത്തംഗം പി.സി സുബൈദ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, സാക്ഷരതാ സമിതി അംഗം പപ്പന്‍ കുട്ടമത്ത്, സാക്ഷരതാ സമിതി അംഗം രാജന്‍ പൊയിനാച്ചി എന്നിവര്‍ സംസാരിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.വി.ശ്യാംലാല്‍ സ്വാഗതവും നോഡല്‍ പ്രേരക് വിജയമ്മ.ഡി നന്ദിയും പറഞ്ഞു.