എറണാകുളം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഡിസംബർ 9 ന് നടക്കും. പതിവിനു വിപരീതമായി പോളിംഗ് സാമഗ്രികളുടെ കൂട്ടത്തിൽ ഇത്തവണ സാനിറ്റൈസറും, മാസ്കും, ഗ്ലൗസും, ഫേസ് ഷീൽഡും ഉൾപ്പെട്ടിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ കോവിഡ് പ്രതിരോധ കിറ്റും കൈപ്പറ്റി വേണം ഉദ്യോഗസ്ഥർ വിതരണ കേന്ദ്രം വിട്ടു പോകാൻ.
ജില്ലയിലെ 28 കേന്ദ്രങ്ങളിലാണ് വിതരണം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 14 വിതരണ കേന്ദ്രങ്ങളും മുനിസിപ്പാലിറ്റിയിൽ 13 വിതരണ കേന്ദ്രങ്ങളും കോർപറേഷൻ പരിധിയിൽ ഒരു വിതരണ കേന്ദ്രവുമാണുള്ളത്. പോളിംഗ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെല്ലാം തന്നെ വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരണം. തിരക്ക് കുറക്കുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിനും സമയം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. രാവിലെ 8 നു വിതരണം ആരംഭിക്കും.
ഗ്രാമപഞ്ചായത്തുകളിലെ ബൂത്തുകളില്‍ മൂന്നു ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന വോട്ടിംഗ് യന്ത്രവും നഗരസഭകളിലേക്ക് ഒരു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന യന്ത്രവുമാണ് ഉള്ളത്. പെന്‍സില്‍, ബാള്‍പോയിന്റ് പേന, പിന്‍, പശ, പെന്‍സില്‍ കാര്‍ബണ്‍, സെല്ലോ ടേപ്പ്, ഡമ്മി ബാലറ്റുകള്‍, സീലിംഗ് മെഴുക്, വിരല്‍ അടയാളമിടാന്‍ മഷി എന്നിവ കൂടാതെ മെഴുകുതിരി, തീപ്പെട്ടി, റബര്‍ ബാന്‍ഡ് എന്നിവയും ബ്‌ളേഡും വിതരണ സാമഗ്രികളിൽ ഉൾപ്പെടും.
വോട്ടിംഗ് മെഷീന്‍ വയ്ക്കുന്ന കമ്പാര്‍ട്ട്‌മെന്റിനുള്ള സാമഗ്രികള്‍, പ്രിസൈഡിംഗ് ഓഫീസറുടെ ലോഹ സീല്‍, സ്ട്രിപ്പ് സീല്‍, ഗ്രീന്‍ പേപ്പര്‍ സീല്‍, വിവിധയിനം കവറുകള്‍, പോളിംഗ് ഏജന്റുമാര്‍ക്കുള്ള പാസ്, പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി, ടെന്‍ഡര്‍ വോട്ടുകള്‍, ചലഞ്ച് വോട്ടുകള്‍ എന്നിവയുടെ ലിസ്റ്റ്, അന്ധരോ അവശരോ ആയ സമ്മതിദായകരുടെ സഹായി നല്‍കുന്ന പ്രഖ്യാപനം രേഖപ്പെടുത്തേണ്ട ഫോറം എന്നിവയോടൊപ്പം വോട്ടേഴ്‌സ് സ്‌ളിപ്പും, പോളിത്തീന്‍ ബാഗും വേസ്റ്റ് ബാസ്റ്റക്കറ്റും തുടങ്ങി അന്തിമ വോട്ടര്‍ പട്ടികയും ഉൾപ്പെടും.
ഇതു കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ അഞ്ച് കോവിഡ് സ്പെഷല്‍ ഫോറങ്ങളും അവയ്ക്കുള്ള കവറുകളും, സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് എന്നീ നാല് സാധനങ്ങളും ഉദ്യോഗസ്ഥർ ഏറ്റുവാങ്ങണം.
സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥരെ പ്രത്യേകം തയാറാക്കിയ വാഹനങ്ങളിൽ പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഇതിനായി 1093 വാഹനങ്ങളാണ് ആർ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലയിൽ തയാറാക്കിയിരിക്കുന്നത്. 529 ബസുകൾ, 100 മിനി ബസുകൾ, 455 കാർ- ജീപ്പ് തുടങ്ങിയ വാഹനങ്ങൾ, 9 ട്രാവലറുകൾ എന്നിവയാണ് ഏർപ്പാടാക്കിയിരിക്കുന്നത്. ഇടപ്പള്ളി ബ്ലോക്കിലെ കുറങ്കോട്ട, താന്തോന്നി തുരുത്ത് ദ്വീപുകളിൽ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിനായി രണ്ട് ബോട്ടുകളും സജ്ജീകരിച്ചു. ജില്ലയിലാകെ 3132 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. അഞ്ച് ഉദ്യോഗസ്ഥരാണ് ഒരു പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് ജോലിക്കുള്ളത്.