കാസര്‍ഗോഡ്  : കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യവും ഫലപ്രദവുമാക്കാനായി സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം. കാറഡുക്ക ബ്ലോക്കില്‍ 28 കോവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരുമായി 146 പേരാണ് ഈ സംവിധാനത്തില്‍ വോട്ട് ചെയ്യുക. മലയോര മേഖലകള്‍ ഉള്‍പ്പെട്ട ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തിലും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് സംവിധാനം ആവശ്യമുള്ള ജനങ്ങളുണ്ട്. ബേഡഡുക്ക, കാറഡുക്ക, കുറ്റിക്കോല്‍, ദേലമ്പാടി, കുമ്പഡാജെ പഞ്ചായത്തുകളിലായാണ് കണ്ടെത്തിയ 146 പേരുള്ളത്.

രണ്ട് പേര്‍ ഉള്‍പ്പെട്ട നാല് സംഘങ്ങളാണ് ദൗത്യത്തിനായി ഇറങ്ങുന്നത്. ജില്ലാ കളക്ടര്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യഗസ്ഥര്‍, പഞ്ചായത്ത് സെക്രട്ടറി, പൊലീസ് ഓഫീസര്‍, പ്രദേശത്തെ ആശാവര്‍ക്കര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണിത്.

നേരത്തെ വിളിച്ച് അറിയിച്ച ശേഷമാണ് ഓരോ കുടുംബത്തിലേക്കും ഉദ്യോഗസ്ഥര്‍ ചെല്ലുന്നത്. തുടക്ക സമയത്ത് ഒരു വ്യക്തിക്ക് 25 മിനുറ്റ് സമയമെങ്കിലും സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ട് ചെയ്യാനായി ആവശ്യമായി വരും. ആദ്യ ദിനത്തില്‍ 15 പേര്‍ വോട്ട് ചെയ്തുവെന്നും ജനങ്ങളെല്ലാം ഈ പ്രവര്‍ത്തനത്തെ കുറിച്ച് ബോധവാന്‍മാരാണെന്നും അവര്‍ വളരെ നല്ല രീതിയില്‍ തെരഞ്ഞെടുപ്പുമായി സഹകരിക്കുന്നുണ്ടെന്നും കാറഡുക്ക ബ്ലോക്ക് റിട്ടേണിങ് ഓഫീസര്‍ കെ.കെ. സുനില്‍പറഞ്ഞു.

ആദ്യ ദിനത്തില്‍ ബേഡഡുക്ക പഞ്ചായത്തില്‍ രൂപംകൊണ്ട കോവിഡ് ക്ലസ്റ്ററിലും രണ്ടാം ദിവസം ദിവസം അടുത്ത ദേലമ്പാടി, കുറ്റിക്കോല്‍, കുമ്പഡാജെ പഞ്ചായത്തുകളിലുമായിരുന്നു പ്രവര്‍ത്തനം. രണ്ട് സംഘങ്ങള്‍ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന് ശേഷം ഒരു ദിവസം വിശ്രമിക്കും. വിശ്രമ ദിവസം അടുത്ത ടീമിനാണ് ചുമതല.

പി.പി.ഇ. കിറ്റും, ഗ്ലൗസും ഷീല്‍ഡും എല്ലാം ഉപയോഗിച്ച് ജോലിക്ക് ഇറങ്ങുന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും ഡ്യൂട്ടി കഴിഞ്ഞ ശേഷം മുളിയാര്‍ എഫ്.എച്ച്.സിയിലെത്തി അവര്‍ ഉപയോഗിച്ച പി.പി.ഇ കിറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ അഴിച്ച് വെക്കണം. തുര്‍ന്ന് വാഹനം അണു വിമുക്തമാക്കിയ ശേഷമാണ് യാത്ര തുടരുന്നത്.