പൊതുതിരഞ്ഞെടുപ്പില്‍ പോളിങ് ഡ്യൂട്ടിക്കാവശ്യമായ പ്രിസൈഡിംഗ് ഓഫീസമാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍മാര്‍ തുടങ്ങിയവരെ കുറ്റമറ്റ രീതിയില്‍ വിന്യസിപ്പിക്കാന്‍ ഇ ഡ്രോപ്പ് വെബ് പോര്‍ട്ടല്‍ സുപ്രധാന പങ്ക് വഹിക്കുന്നു. തിരഞ്ഞെടുപ്പുകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമായാണ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ കേരള വെബ് അടിസ്ഥാനത്തില്‍ ഇ ഡ്രോപ്പ് പോര്‍ട്ടലിന് തുടക്കം കുറിച്ചത്. (www.edrop. gov.in) ഇതോടെ വളരെ പ്രയാസമേറിയതും സമയ ബന്ധിതമായി തീര്‍ക്കേണ്ടതും പ്രയത്നം ഏറെ ആവശ്യമുള്ളതുമായ  പ്രവര്‍ത്തനങ്ങള്‍ക്കാണ് ശാശ്വത പരിഹാരമായിരിക്കുന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിലൂടെ ഈ പോര്‍ട്ടല്‍ വഴി സ്ഥാപന മേധാവികള്‍ക്ക് ലോഗിന്‍ ഐഡി യും പാസ്വേര്‍ഡും നല്‍കുന്നു.മുലയൂട്ടുന്ന അമ്മമാര്‍, രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍ തുടങ്ങിയവരെ സ്വയമേവ ഒഴിവാക്കി ജീവനക്കാരെ ഡ്യൂട്ടിക്കായി വിന്യസിക്കുന്നു. കൂടാതെ ആര്‍ ഒ, എ ആര്‍ ഒമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും ഉള്‍പ്പെടെ 65000 പേരെ ഒഴിവാക്കി സംസ്ഥാനത്ത് രണ്ട് ലക്ഷം പോസ്റ്റുകള്‍ ഓര്‍ഡറാക്കി. കാസര്‍കോട് ജില്ലയില്‍ 1409 പോളിങ് സ്‌റ്റേഷനുകളിലായി 8527 ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ളത്. ഇതില്‍ 1482 പേര്‍ റിസര്‍വ്ഡ് ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ളവരില്‍ 4794 പേര്‍ സ്ത്രീകളും 3733 പേര്‍ പുരുഷന്മാരുമാണ്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പോസ്റ്റുകള്‍ ഉറപ്പാക്കി മേധാവികള്‍ക്ക് തിരികെ നല്‍കുന്നു. പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫിസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍, പോളിംഗ് അസിസ്റ്റന്റ് എന്നീ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിനെയും പോര്‍ട്ടല്‍ തിരിക്കുന്നു. അതിദൂര സ്ഥലങ്ങളിലും വന മേഖലകളിലും പുരുഷ ഉദ്യോഗസ്ഥരെ നിയമിക്കുന്നു. രണ്ടാം ഘട്ട തരം തിരിവിന് ശേഷം തിരഞ്ഞെടുപ്പിന്റെ തലേ ദിവസം ഉദ്യോഗസ്ഥര്‍ക്ക് നിയോഗിക്കപ്പെട്ട പോളിങ് ബൂത്തുകളുടെ അറിയിപ്പുമായി എസ് എം എസും അയക്കുന്നു. തിരഞ്ഞെടുപ്പ് ദിനം ഇതേ ഡാറ്റ പോള്‍ മാനേജര്‍ ആപ്പിലും ലഭ്യമാക്കുന്നു.