കണ്ണൂർ:ഹരിത തെരഞ്ഞെടുപ്പ് സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അയാള്‍ ഹരിതചട്ടം പാലിക്കുകയാണ്’ തെരുവുനാടകത്തിന്റെ ആദ്യ പ്രദര്‍ശനം എ ഡി എം ഇ പി മേഴ്‌സി ഉദ്ഘാടനം ചെയ്തു. ഹരിത തെരഞ്ഞെടുപ്പിന് ജില്ല മാതൃകയാകണമെന്ന് എ ഡി എം പറഞ്ഞു. കോര്‍പ്പറേഷനിലെ ഹരിതകര്‍മ്മസേന അംഗങ്ങളുടെ സഹകരണത്തോടെ വിനോദ് കണ്ണാടി പറമ്പാണ് ഹരിതചട്ട പാലനത്തെ പറ്റിയുള്ള ഏകാംഗ തെരുവുനാടകം അവതരിപ്പിച്ചത്.
മലിനീകരണഫലമായി ഉണ്ടായ രോഗം മൂലം മകളെ നഷ്ടപ്പെട്ട അച്ഛന്റെ ആത്മഗതങ്ങളിലൂടെയാണ് തെരുവു നാടകം പുരോഗമിക്കുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ തിങ്ങിനിറഞ്ഞ നാടിന്റെ അവസ്ഥ പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമം കൂടിയാണ് ഈ ഏകാംഗ നാടകം. കാല്‍ടെക്‌സില്‍ നടന്ന പരിപാടിയില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ പി എം രാജീവ്, ഇ മോഹനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.