മലപ്പുറത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പിന്നിടുമ്പോൾ തെരഞ്ഞടുപ്പ്  സാമഗ്രി വിതരണ കേന്ദ്രങ്ങളും തിരഞ്ഞെടുത്ത ബൂത്തുകളും പരിസ്ഥിതി സൗഹൃദ പ്രചാരണം കൊണ്ട് കൂടി ശ്രദ്ധ നേടുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണവും ഔദ്യോഗിക നടപടിക്രമങ്ങളും പരിസ്ഥിതി വസ്തുകളിൽ മാത്രമേ പാടുകയുള്ളൂ എന്ന ഇലക്ഷൻ കമ്മീഷൻ്റെയും ഹൈക്കോടതിയുടെയും സുവ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. തുടക്കം മുതൽ തന്നെ ജില്ലാ ശുചിത്വ മിഷൻ്റെ നേതൃത്വത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് ജില്ലയിൽ സംഘടിപ്പിച്ചു വരുന്നത്. അതിൻ്റെ തുടർച്ചയാണ് ഇത്.
തെങ്ങോല മടഞ്ഞ് സ്വാഗത ബോർഡുകൾ, കുരുത്തോലയും പനയോലയും ചേമ്പിലയും വാഴത്തടയും മുളയും കൊണ്ടുള്ള വിവിധ അലങ്കാരങ്ങൾ, ചണച്ചാക്കും പനമ്പും പുൽപ്പായയും കൊണ്ട് കട്ടൗട്ടറുകൾ… ചാർട്ട് പേപ്പറിലും പാളയിലും വാഴയിലയും ഉള്ള വിവിധ നിര്‍ദേശങ്ങൾ, ഉപയോഗ ശേഷം മാലിന്യങ്ങൾ  വലിച്ചെറിയാതെ തിരിച്ചു ശേഖരിക്കാന്‍ ഓല കൊണ്ടുള്ള വല്ലങ്ങള്‍… തുടങ്ങി സർവ്വം ഹരിതമയത്തിലാണ് ഓരോ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും. വീടുകളിൽ നിന്നും മാറി നിൽക്കുന്ന ഉദ്യോഗസ്ഥരുടെ സമ്മർദ്ദം കുറക്കാൻ സ്നേഹോപഹാരമായി ശുചിത്വ മിഷൻ്റെ വക പ്രത്യേകം സമ്മാന പദ്ധതിയുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുത്ത ബൂത്തുകള്‍ ഹരിതാഭമാക്കുന്നത്. വരും തലമുറയോടുള്ള കരുതലിൻ്റെ ഭാഗമായി മികച്ച പ്രവർത്തനമാണ് ഇവർ കാഴ്ചവെച്ച് കൊണ്ടിരിക്കുന്നത്.