മലപ്പുറം:മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കയോ ചെയ്യുന്നത് ജന പ്രാതിനിത്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഴെിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. കള്ള വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നു ജില്ലാ കളക്റ്റര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.
വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. യഥാര്‍ത്ഥ വോട്ടര്‍ തന്നെയാണ് വോട്ട് ചെയ്യുന്നതെന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. വോട്ടറുടെ ഐഡന്റിറ്റി സംബസിച്ച് പരാതിയുണ്ടെങ്കില്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ. എതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണമോ പാരിതോഷികങ്ങളോ നല്‍കരുത്. ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല്. വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ്ങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.