കണ്ണൂർ: അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ കെ ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു. വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി  കലക്ടറേറ്റില്‍ നടന്ന ഇആര്‍ഒമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി.

പതിനെട്ട് വയസ് തികഞ്ഞ മുഴുവന്‍ ചെറുപ്പക്കാരെയും പ്രവാസികളെയും ഭിന്നലിംഗക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. വിവിധ താലൂക്ക് അടിസ്ഥാനത്തില്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഇആര്‍ഒമാര്‍ യോഗത്തില്‍ വിശദീകരിച്ചു. കൂടുതലായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ നിര്‍ദ്ദേശം നല്‍കി.

ഡിസംബര്‍ 22ന് രാവിലെ 11 മണിക്ക്്  എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുമായി വോട്ടര്‍ പട്ടിക നിരീക്ഷകന്‍ കെ ഗോപാലകൃഷ്ണ ഭട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച നടത്തും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കേണ്ട അവസാന തീയ്യതി ഡിസംബര്‍ 30 ആണ്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  ഡെപ്യൂട്ടി കളക്ടര്‍ കെ എം അബ്ദുള്‍ നാസര്‍, തഹസില്‍ദാര്‍മാരായ വി വി രാധാകൃഷ്ണന്‍, ടി ബിനുരാജ്, പി കെ ഭാസ്‌കരന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ വി മനോജ്, കെ വി ഷാജു, ടി കെ പവിത്രന്‍, വിജയന്‍ എന്നിവര്‍ പങ്കെടുത്തു.