എറണാകുളം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ, കോവിഡ് വാക്സിനേഷൻ , കുഷ്ഠരോഗ നിർമാർജ്ജന യജഞം എന്നിവ ജില്ലയിൽ നടപ്പിലാക്കുന്നത് സംബന്ധിച്ച് കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാതല കർമസമിതി യോഗം ചേർന്നു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പരിപാടികളുടെ നടത്തിപ്പിനുള്ള തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിൽ വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും യോഗം ചേരുവാൻ തീരുമാനമായി. 2021 ജനുവരി 17 ന് നടക്കുന്ന പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി 5 വയസിൽ താഴെയുള്ള 209098 കുട്ടികൾക്കാണ് ജില്ലയിൽ തുള്ളിമരുന്ന് നൽകുന്നത്. ഇതിൽ 5585 പേർ ഇതര സംസ്ഥാനത്ത് നിന്നുള്ള കുട്ടികളാണ്.
പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയിലെ വിവിധ ഇടങ്ങളിൽ 1901 ബൂത്തുകളും പ്രധാനപ്പെട്ട ബസ്, റെയിൽവേ, മെട്രോ സ്റ്റേഷനുകളിലും ബോട്ട് ജെട്ടികളുമായി 45 ട്രാൻസിറ്റ് ബൂത്തുകളും തയ്യാറാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാണ് ഇത്തവണ പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. കോവിഡ് വാക്സിൻ വിതരണത്തിനായുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. 64000 ൽ അധികം ആരോഗ്യ പ്രവർത്തകർക്കാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഇവരുടെ രെജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി വരുന്നു. ജില്ലയിൽ എറണാകുളം ജനറൽ ആശുപത്രിയിലാണ് നിലവിൽ വാക്സിൻ സംഭരണ സംവിധാനം ഉള്ളത്. ഇടപ്പള്ളിയിൽ ആരംഭിക്കുന്ന പുതിയ വാക്സിൻ സ്റ്റോറിൽ ജനുവരിയോടെ കൂടി വാക്സിൻ സംഭരിക്കാനുള്ള സംവിധാനം ഒരുക്കും.
കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ജില്ലയിൽ നടത്തിയ അശ്വമേധം പരിപാടിയുടെ തുടർച്ചയായാണ് ആക്റ്റീവ് കേസ് ഡിറ്റക്ഷൻ ആൻഡ് റെഗുലർ സർവെയ്ലലെൻസ് ഫോർ ലെപ്രസി പരിപാടി നടപ്പിലാക്കുന്നത്. 2019 സെപ്റ്റംബറിൽ നടത്തിയ അശ്വമേധം കുഷ്ഠരോഗ നിർമാർജന പരിപാടിയുടെ ഭാഗമായി 5 കേസുകളാണ് ജില്ലയിൽ കണ്ടെത്തിയത്. ജനുവരി ഫെബ്രുവരി മാസങ്ങളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് പരിപാടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കുഷ്ഠ രോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് രോഗം മാരകമാവുന്നത് തടയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും വീടുകൾ സന്ദർശിച്ച് കേസുകൾ കണ്ടുപിടിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. വിവേക് കുമാർ, ഡെപ്യുട്ടി ഡി എം . ഡോ സവിത, ആർ സി എച്ച് ഓഫീസർ ഡോ. ശിവദാസ് വിവിധ വകുപ്പ് മേധാവികൾ , സ്റ്റുഡൻറ് പോലീസ് കേഡറ്റ്, എൻ എസ് എസ്, വിവിധ സംഘടന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.