ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ആദ്യമായി ലംബാര്‍ സ്‌പൈനല്‍കോഡ് സ്റ്റിനോസിസ് ലാമിനക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി. കറ്റാനം ഭരണിക്കാവ് ഇലിപ്പക്കുളം കണ്ടത്തില്‍ വീട്ടില്‍ ശശീന്ദ്രന്‍, (54 വയസ്സ്) ആണ് ഡിസംബര്‍ 25ന് ശസ്ത്രക്രിയിയ്ക്ക് വിധേയനായത്. ദീര്‍ഘനാളായി ഇദ്ദേഹം നടുവേദന മൂലം നടക്കാന്‍ പോലൂം സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഓര്‍ത്തോപീഡിക് സ്‌പൈനല്‍ സര്‍ജന്‍ ഡോ. ഇബാദ്ഷാടെ നിര്‍ദ്ദേശാനുസരണമാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ശശീന്ദ്രനും കുടുംബവും തയ്യാറായത്. ഡോ.ഇബാദ്ഷാ, ഓര്‍ത്തോ വിഭാഗത്തിലെ ഡോ. ദീപക് നായര്‍, ഡോ.അനു അഷറഫ്, ഡോ. വിശ്വനാഥന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ ഡോ.ബബില്‍ രാജ്, ഡോ.ശ്യാംപ്രസാദ്, സ്റ്റാഫ് നഴ്‌സ് ബീന എസ്. ആര്‍ നയിച്ച സപ്പോര്‍ട്ടിംഗ് ടീം എന്നിവര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ നട്ടെല്ലിലുള്ള ആദ്യ ശസ്ത്രക്രിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും സൗജന്യമായാണ് നടത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ശസ്ത്രക്രിയയില്‍ പങ്കെടുത്ത എല്ലാ വിഭാഗം ജീവനക്കാരെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) പ്രത്യേകം അഭിനന്ദിച്ചു.