പത്തനംതിട്ട: ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. ഓമല്ലൂര്‍ ശങ്കരനും വൈസ് പ്രസിഡന്റായി രാജി പി. രാജപ്പനും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഡ്വ. ഓമല്ലൂര്‍ ശങ്കരന് 12 വോട്ടും സി. കൃഷ്ണകുമാറിന് നാലു വോട്ടും ലഭിച്ചു. വിജയിയായ അഡ്വ. ഓമല്ലൂര്‍ ശങ്കരന് വരണാധികാരിയായ ജില്ലാ കളക്ടറും വൈസ് പ്രസിഡന്റായ രാജി പി. രാജപ്പന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സത്യവാചകങ്ങള്‍ അന്വര്‍ഥമാക്കും വിധം പ്രവര്‍ത്തിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത്. ജില്ലാ പഞ്ചായത്തും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ വികസനം സാധ്യമാകും. പ്രോജക്ടുകളും പദ്ധതികളും നേരത്തെ നിശ്ചയിച്ചിരുന്നു. മാറ്റം അനിവാര്യമെങ്കില്‍ അവ നടപ്പാക്കും. കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണം. കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്തായി പത്തനംതിട്ടയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. ജില്ലാ പഞ്ചായത്ത് യോഗം ജനുവരി അഞ്ചിന് ചേരുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അന്നമ്മ പി. ജോസഫ്, സി.കെ. ലതാകുമാരി, ജെസി അലക്‌സ്, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ലേഖ സുരേഷ്, ജിജോ മോഡി, റോബിന്‍ പീറ്റര്‍, ബീനാ പ്രഭ, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ആര്‍. അജയകുമാര്‍, സാറാ ടീച്ചര്‍, ജിജി മാത്യു, അജോ മോന് എന്നിവര്‍ പങ്കെടുത്തു.

വീണാ ജോര്‍ജ് എംഎല്‍എ, സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും കെ.എസ്.സി.ഇ.ഡബ്ല്യൂ ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ.കെ.അനന്തഗോപന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി നായര്‍, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടി എ.പി. ജയന്‍, മുന്‍ എംഎല്‍എ എ. പത്മകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍. നന്ദകുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.