പാലക്കാട്: പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി മുൻ ഭരണസമിതി തുടങ്ങിയ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി എന്നിവർ പറഞ്ഞു. ജില്ലാ ആശുപത്രിയിൽ തുടങ്ങിവച്ച 127 കോടിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കും. കൂടാതെ നഗരസഭയുമായി കൂടിയാലോചിച്ച് ജില്ലാ ആശുപത്രിയേയും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് മുൻപിലെ റോഡിൽ നിരന്തരമായി ഉണ്ടാകുന്ന തടസ്സങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
ജില്ലാ പഞ്ചായത്തിനു കീഴിൽ വിജയകരമായി പ്രവർത്തിക്കുന്ന മീൻവല്ലം പദ്ധതിയുടെ ചുവടുപിടിച്ച് ആരംഭിച്ച പാലക്കയം പദ്ധതി, കണ്ണമ്പ്ര റൈസ് പാർക്ക്, ജില്ലാ പഞ്ചായത്തിനു കീഴിലെ ഫാമുകളുടെ പ്രവർത്തനം, ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ ഉന്നമനം, ജില്ലയിലെ കായികമേഖല ശക്തിപ്പെടുത്തൽ എന്നീ പ്രവർത്തനങ്ങൾക്കും പുതിയ ഭരണസമിതി ഊന്നൽ നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർ സത്യപ്രതിജ്ഞയ്ക്കുശേഷം പറഞ്ഞു.