ആലപ്പുഴ: കേരള പര്യടനത്തിൻറെ ഭാഗമായി ആലപ്പുഴയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലെ പ്രതിനിധികൾ നൽകിയ നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിനിധികളുടെ നിർദേശങ്ങൾക്കു ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കോവിഡ് മൂലം ടൂറിസം മേഖലയ്ക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്. എന്നാൽ കോവിഡാനന്തര ഘട്ടത്തിൽ ടൂറിസത്തെ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യ കയറ്റുമതി വർധിപ്പിക്കാൻ ദിശാബോധത്തോടെയുള്ള നടപടികൾ കേരള സർക്കാർ രൂപീകരിച്ച് നടപ്പാക്കും. ജില്ലയിലെ കാക്കത്തുരുത്ത് ഉള്‍പ്പടെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിലെ ഇഎംഎസ് സ്റ്റേഡിയത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് പുതിയ നഗരസഭയുടെ പിന്തുണ തേടാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാതലത്തില്‍ വ്യവസായ പ്രശ്ന പരിഹാര ഫോറം ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിൻറെ ഇടതുപക്ഷ മനസ്സ് ശക്തമായി നിലനിൽക്കുന്നതു കൊണ്ടാണ് പല വർഗീയ ശക്തികൾക്കും അഴിഞ്ഞാടാൻ മലയാളത്തിൻറെ മണ്ണ് അവസരം നൽകാത്തതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കലാകാരന്മാരുടെ കോവിഡ് കാലത്തെ പരിമിതിയെ കുറിച്ച് വ്യക്തമായി സർക്കാരിന് അറിയാം. കോവിഡ് പശ്ചാത്തലത്തിൽ പരിപാടികളുടെ അഭാവം അവരെ ബാധിച്ചിട്ടുണ്ട്. ഇതിന് കൂടുതൽ ഇളവുകൾ സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക ഉൽപ്പന്നങ്ങൾ സംഭരിക്കാനും കോൾഡ് സ്റ്റോറേജിൽ വയ്ക്കാനുള്ള സംവിധാനം ഒരുക്കുന്നതിന് സഹകരണസംഘങ്ങളുമായി ചേർന്ന് സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കോൾഡ് സ്റ്റോറേജിൽ ഇരിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റും വിപണിയിലെത്തിക്കുന്നതിനു റഫ്രിജറേറ്റർ സംവിധാനങ്ങളുള്ള വാഹനങ്ങളും ഉപയോഗിക്കും. ഐടി രംഗത്ത് സ്തംഭനാവസ്ഥ സംസ്ഥാനത്ത് ഇപ്പോൾ മാറിയതായും കെ ഫോണ്‍ വരുന്ന മുറയ്ക്ക് കേരളത്തിലാകമാനം നെറ്റ്‌വർക്ക് വിപുലീകരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാർഷിക ഗവേഷകൻ ഡോ. കെ ജി പത്മകുമാറാണ് കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ടോമി പുലിക്കാട്ടിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി ജെ ജോസഫ് , ജോൺ പോൾ, ഡോ. പ്രിയ ദേവദത്ത്, അലക്സ് നൈനാൻ, ഡോ. പി കെ മൈക്കിൾ തരകൻ, ജെ. ആർ അജിത്ത്, വി അമർനാഥ്, കവി വയലാർ ശരത്ചന്ദ്രവർമ്മ, മാത്യു ജോസഫ് , ടെക്ജന്‍ഷ്യ സി.ഇ.ഓ ജോയി സെബാസ്റ്റ്യൻ, ഫൗസി ആർ നൈസാം, റവ. ഫാദർ സേവ്യർ കുടിയാംശേരി, കെ എൻ ജാഫർ സാദിഖ് സിദ്ദിഖി, ഡോ. അരുൺ, സെയ്യിദ് വി പി എ തങ്ങൾ തുടങ്ങിയവര്‍ മുഖ്യമന്ത്രിയുമായി അഭിപ്രായങ്ങള്‍ പങ്കുവച്ചു. മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ എഴുതി വാങ്ങുകയും ചെയ്തു. .