തിരുവനന്തപുരം:ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സൗരോര്‍ജ്ജത്തില്‍ അധിഷ്ഠിതമായ വികസനമാണ് ഇനി കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഈ വര്‍ഷത്തെ ഊര്‍ജ സംരക്ഷണ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഊര്‍ജ്ജ സംരക്ഷണത്തിനായി ഒരു കോടി എല്‍.ഇ.ഡി ബള്‍ബുകളും, ട്യൂബുകളും വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഊര്‍ജ ഉപഭോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം.  ഉപഭോഗം കുറച്ച് ഊര്‍ജ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ (ഇ.എം.സി) 25-ാമത് വാര്‍ഷികത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
ഊര്‍ജ്ജസംരക്ഷണത്തിനായി ടൂറിസം രംഗത്ത് സൗരോര്‍ജം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  ഹൗസ് ബോട്ടുകളിലടക്കം ക്രിയാത്മകമായി സൗരോര്‍ജം ഉപയോഗിക്കുന്നതിന് പഠനം ആവശ്യമാണ്.  ഇതിന് എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ സേവനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ഏഴ് വിഭാഗങ്ങളിലായാണ് മികച്ച ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കിയത്.  വന്‍കിട ഊര്‍ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ ചവറ കെ.എം.എം.എല്‍, ദി ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, ഉദ്യോഗമണ്ഡല്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.  ഇടത്തരം ഊര്‍ജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ കോഴിക്കോടുള്ള മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്‍ ലിമിറ്റഡ് പുരസ്‌കാരം നേടി. ചെറുകിട ഊര്‍ജ്ജ ഉപഭോക്തൃ വിഭാഗത്തില്‍ ആലപ്പുഴ കെയ ഫുഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡും ഒന്നാം സ്ഥാനം നേടി.  ഊര്‍ജ സംരക്ഷണ കെട്ടിടത്തിനുള്ള പുരസ്‌കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനു ലഭിച്ചു.  വ്യക്തിഗത പുരസ്‌കാരത്തിന് കൊല്ലം സ്വദേശി ജെ.എസ്.സോനുവും സ്ഥാപന വിഭാഗത്തില്‍ കാണക്കാരി ഗ്രാമ പഞ്ചായത്തും അര്‍ഹരായി.  ആര്‍ക്കിടെക്ട് ആന്റ് ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സള്‍ട്ടന്റ് വിഭാഗത്തില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന എഫ് 5 സസ്‌റ്റൈനബിലിറ്റി കണ്‍സള്‍ട്ടന്‍സിനും പ്രശസ്തിപത്രം ലഭിച്ചു
ചടങ്ങില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ എസ് മുഖ്യ പ്രഭാഷണം നടത്തി.  ചെറുവക്കല്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു എസ് ആര്‍, ഊര്‍ജ വകുപ്പു സെക്രട്ടറി ഡോ ദിനേശ് അറോറ, ഇ.എം.സി ഡയറക്ടര്‍ ആര്‍ ഹരി കുമാര്‍, കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്. പിള്ള, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി. സി. അനില്‍കുമാര്‍, അനെര്‍ട്ട് ഡയറക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ സംബന്ധിച്ചു.