ഇന്നുകൂടി പേരുചേർക്കാം (ഡിസംബർ 31)
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമവോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഇന്നുകൂടി (ഡിസംബർ 31) അപേക്ഷിക്കാം. അന്തിമ വോട്ടർപട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം പേരുചേർക്കാൻ ഇതുവരെ ലഭിച്ചത് 5,38,309 അപേക്ഷകളാണ്. അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചാലും വോട്ടർപട്ടികയിൽ പേരു ചേർക്കുന്ന പ്രക്രിയ തുടരും. ഡിസംബർ 31ന് ശേഷം ചേർക്കുന്നവരുടെ പേരുകൾ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതിക്ക് 10 ദിവസം മുമ്പ് സപ്ലിമെൻററി ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും www.voterportal.eci.gov.in
നിയമസഭാ തിരഞ്ഞെടുപ്പിന് 25,041 പോളിംഗ് സ്റ്റേഷനുകളാണ് നിലവിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളിൽ വർധനവുണ്ടാകും. 15,000 അധിക ബൂത്തുകൾ ഇത്തവണ വേണ്ടിവരും.
ബൂത്തുകൾ വർധിക്കുന്നതിനാൽ കൂടുതൽ ഉദ്യോഗസ്ഥരുടെ വിന്യാസവും അധികം വോട്ടിംഗ് മെഷീനുകളും ആവശ്യമായിവരും.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായി 51,000 ൽ അധികം വോട്ടിംഗ് മെഷീനുകൾ അനുവദിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ളതിനു പുറമേ മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നും മെഷീൻ ലഭ്യമായിട്ടുണ്ട്.മെഷീനുകളുടെ ആദ്യഘട്ട പരിശോധന 28 മുതൽ വിവിധ ജില്ലകളിൽ നടന്നുവരുന്നുണ്ട്. രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ജില്ലകളിൽ മെഷീൻ പരിശോധനകളിൽ പങ്കെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർഥിച്ചു.80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമൊരുക്കും. ജില്ലകളിൽ കളക്ടർമാരോട് ഇവരുടെ പ്രത്യേക പട്ടിക തയാറാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു