തൃശ്ശൂർ: കൊടുങ്ങല്ലൂർ നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് വിഭാഗത്തിന് പ്രത്യേക ഓഫീസ് സംവിധാനം തയ്യാറായി. നഗരസഭ ഫ്രണ്ട് ഓഫീസിന്റെ ഭാഗമായി സജ്ജീകരിച്ച പുതിയ കാബിൻ സംവിധാനം നഗരസഭാ ചെയർപേഴ്സൺ എം യു ഷിനിജ ഉദ്ഘാടനം ചെയ്തു. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ നാലായിരത്തോളം രജിസ്റ്റർ ചെയ്ത തൊഴിലാളികളും ആയിരത്തോളം ആക്ടീവ് തൊഴിലാളികളുമുണ്ട്. ഒരു കോടി രൂപയുടെ പ്രവൃത്തികളാണ് ഒരു വർഷം നടപ്പാക്കുന്നത്. ഈ വിഭാഗം ഇതുവരെ നഗരസഭാ ആരോഗ്യ വിഭാഗത്തിനോട് ചേർന്നാണ് പ്രവർത്തിച്ചു വന്നത്.

ഉദ്‌ഘാടനത്തിന് ശേഷം ജനുവരി 1 മുതൽ പത്താം ക്ലാസ്, പ്ലസ് ടു ക്ലാസ്റ്റുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മിസ്ട്രസ്, പി ടി എ ഭാരവാഹികൾ തുടങ്ങിയവരുടെ അവലോകനയോഗവും ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ചേർന്നു.യോഗത്തിൽ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ടി ഡി വെങ്കിടേശ്വരൻ, വി എം ജോണി, നഗരസഭാ സെക്രട്ടറി ടി കെ സുജിത്, സി എസ് പ്രകാശൻ എന്നിവർ പങ്കെടുത്തു.