തൃശ്ശൂർ: ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതന ആശയങ്ങള്‍ കൈമാറുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാറിനു കീഴിലുള്ള ശാസ്ത്ര – സാങ്കേതിക വകുപ്പും നാഷ്്ണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും സംയുക്തമായി നല്‍കുന്ന ഇന്‍സ്‌പെയര്‍ അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് എറിയാട് ഗവ. കേരളവര്‍മ്മ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നേടി. എഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി റയീസ ഫാത്തിമ, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആദിദേവ് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. 10000 രൂപയാണ് അവാര്‍ഡ് തുക.
സാമൂഹ്യ നന്മയ്ക്ക് ഉതകുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങളുടെ ആശയങ്ങളും അവയുടെ പ്രവര്‍ത്തന മാതൃകയും സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഇന്‍സ്‌പെപെയര്‍ അവാര്‍ഡിന് പരിഗണിക്കുന്നത്. നേട്ടത്തിനര്‍ഹരായ വിദ്യാര്‍ത്ഥികളെ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. ഹെഡ്മിസ്ട്രസ് നിര്‍മ്മല, സീനിയര്‍ അസിസ്റ്റന്റുമാരായ പി ടി മുരളീധരന്‍, ലാലി, സ്റ്റാഫ് സെക്രട്ടറി എം എ വാഹിദ, കെ എച്ച് ബിന്നി, സുനിത മേപ്പുറത്ത് എന്നിവര്‍ പങ്കെടുത്തു.