ആലപ്പുഴ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയിൽ എസ്.എസ്.എൽ.സി, പ്ലസ് ടൂ കുട്ടികളെ പരീക്ഷക്ക് സജ്ജമാക്കുന്നതിനു വേണ്ടി  ഇന്നു മുതൽ സ്കൂൾ ഭാഗികമായി തുറക്കും. രക്ഷിതാക്കളുടെ സമ്മതപത്രത്തോട് കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കുട്ടികൾക്ക് സ്കൂളിൽ ഹാജരാകാം.

കുട്ടികളുടെ എണ്ണത്തിനും വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും അനുസരിച്ച് സ്കൂൾ അധികൃതർക്ക് ക്ലാസ്സുകൾ ക്രമീകരിക്കാം. ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന രീതിയിൽ ക്രമീകരിച്ചു ഇരുത്താനാണ് നിർദ്ദേശം നൽകിയതെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.

ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ സ്കൂൾ ഭാഗികമായി തുറക്കുന്നതിനു മുമ്പ് എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് വിവിധ വകുപ്പ് മേധാവികളുടെ യോഗം ഡിസംബർ 30ന് കൂടിയിരുന്നു.

എല്ലാ എം.എൽ.എമാരും സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നിയോജക മണ്ഡല അടിസ്ഥാനത്തിൽ സ്കൂൾ മേധാവികളുടെയും,പി.ടി.എ, പ്രസിഡന്റമാരുടെയും യോഗം കൂടി . കായംകുളം, ചെങ്ങന്നൂർ, മാവേലിക്കര യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്ലാ ഡിവിഷൻ മെമ്പർമാർക്കും, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾക്കും സ്കൂൾ സുരക്ഷ ഉറപ്പാക്കുന്നതിന് സ്കൂൾ തല യോഗം കൂടാൻ അറിയിപ്പ് നൽകിയിരുന്നു.

ആവശ്യമെങ്കിൽ സമഗ്രശിക്ഷ കേരളയുടെ സ്കൂൾ ഗ്രാന്റിൽ നിന്നും ഒരു നിശ്ചിത തുക സ്കൂൾ സാനിറ്റെസിംഗിനും, ശുചീകരണത്തിനും ചെലവഴിക്കാൻ ഡി.പി.സി.നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാർച്ചിലെ പരീക്ഷക്ക് ജില്ലാ പഞ്ചായത്ത് സ്കൂളുകൾക്ക് സ്കൂൾ ശുചികരണവും, കൊവിഡ് പ്രോട്ടോകോൾ പാലിച്ചു പരീക്ഷ നടത്തുന്നതിനും 15000 രൂപ വീതം നൽകിയിരുന്നു. അതു ലഭിച്ച സ്കൂളുകൾ മിച്ചം തുകയുണ്ടെങ്കിൽ ഈ ആവശ്യത്തിന് ചെലവഴിക്കാൻ അറിയിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ പറഞ്ഞു

സ്കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ സ്കൂളുകളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും, വാർഡ് മെമ്പറുമാരെയും ഉൾപ്പെടുത്തി കൊവിഡ് സെൽ രൂപികരിച്ചിട്ടുണ്ട്. തെർമൽസ്കാനർ എല്ലാ സ്കൂളുകളിലും ലഭ്യമാക്കിയിട്ടുണ്ട്.കൂടാതെ എല്ലാ സ്കൂളുകളിലും ക്ലാസ്സ് പി.ടി.എ, രക്ഷിതാക്കളുടെ എണ്ണത്തിനനുസരിച്ച് ഓൺലൈൻ ആയും, അല്ലാതെയും കൂടാൻ നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുണ്ട്. പല സ്കൂളുകളിലും വിദ്യാഭ്യാസ ആഫീസർമാർ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. ഡി.ഡി.ഇ യുടെ നേതൃത്വത്തിൽ ഓരോ വിദ്യാഭ്യാസ ജില്ലയിലും സ്കൂളുകൾ സന്ദർശിച്ചു തുറക്കുന്നതിനു മുന്നോടിയായി നടത്തിയ ഒരുക്കങ്ങൾ വിലയിരുത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ആരംഭഘട്ടത്തിൽ കുട്ടികളുടെ മാനസിക സമ്മർദ്ദം കുറച്ച് അവരുടെ മനസ്സിനെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

എസ്.സി.ഇ.ആർ.ടി.കുട്ടികൾക്കു വേണ്ടി പരീക്ഷ യ്ക്കു സഹായകമാകും വിധം പ്രത്യേകം Questions pool തയ്യാറാക്കുന്നുണ്ട്. പരീക്ഷയ്ക്ക് കൂടുതൽ ഊന്നൽ നൽകി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ മുൻകൂട്ടി അധ്യാപകർക്ക് നൽകുന്നതാണെന്നും – പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.