കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടഞ്ഞുകിടന്ന സ്കൂളുകള്‍ പുതുവര്ഷപ്പുലരിയില് പുത്തന്‍ പ്രതീക്ഷകളോടെ വെള്ളിയാഴ്ച തുറന്നു. വാര്‍ഷിക പരീക്ഷ കണക്കിലെടുത്ത് 10, 12 ക്ലാസിലെ കുട്ടികളാണ് ഇന്നലെ സ്കൂളുകളില്‍ എത്തിയത്. കൊല്ലം ഗവണ്മെന്റ് മോഡല്‍ ബോയ്സ് എച്ച് എസ് എസില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തി. കുട്ടികളുമായി സംവദിച്ച കലക്ടര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തി.
വീടുകളിലും യാത്രാവേളകളിലും വാഹനങ്ങളിലും മാനദണ്ഡം കൃത്യമായി പാലിക്കണമെന്നും നന്നായി പഠിക്കണമെന്നും കലക്ടര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി. മാസ്ക് ധരിക്കുന്നതും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുമായ കാര്യം നിര്‍ബന്ധമായും ശ്രദ്ധിക്കണം. യാത്രാവേളയില്‍ കണ്സഷന് ലഭിക്കാതിരുന്നാല്‍ പരാതി സ്കൂള്‍ അധികൃതര്‍ വഴി നല്‍കണം. കുട്ടികള്‍ക്ക് അര്‍ഹമായ കണ്സഷന് നല്കാതിരുന്നാല് കര്‍ശന നടപടി എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. മിക്ക ക്ലാസുകളിലെയും കുട്ടികളുമായി ഏറെനേരം സംസാരിച്ചതിന് ശേഷം എല്ലാവര്ക്കും നല്ല ഭാവിയും പുതുവത്സര ആശംസയും നേര്‍ന്നാണ് കലക്ടര്‍ സ്കൂളില്‍ നിന്നും ഇറങ്ങിയത്.
വെള്ളിയാഴ്ച ജില്ലയില്‍ 230 സ്കൂളുകള്‍ തുറന്നതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. അച്ചന്‍കോവില്‍ കടയ്ക്കല്‍ പുനലൂര്‍ സ്കൂളുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
