കൊല്ലം:നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തില്‍ കൊല്ലം തൃക്കടവൂരില്‍ ആരംഭിച്ച ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ലോഗോയുടെയും ആപ്തവാക്യത്തിന്റേയും പ്രകാശനം ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു. ജ്യാമിതീയ രൂപങ്ങളെ നിറങ്ങളുടെ സമന്വയത്തിലൂടെ ചിത്രീകരിച്ച ലോഗോയാണ് പ്രകാശനം ചെയ്തത്.
വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്നര്‍ത്ഥം വരുന്ന ‘ലിബറേഷന്‍ ത്രൂ എജൂക്കേഷന്‍’  എന്ന യൂണിവേഴ്സിറ്റിയുടെ ആപ്തവാക്യം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇരിക്കുന്ന ഗുരുദേവനെ  മുകളില്‍ നിന്ന് കാണുന്ന രീതിയില്‍ ചായങ്ങളെ വിദഗ്ധമായി സമന്വയിപ്പിച്ച് രൂപകല്പന ചെയ്തതാണ് ലോഗോ.
കേരളത്തിലെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രങ്ങളെയെല്ലാം സംയോജിപ്പിച്ച് ഒറ്റ  യൂണിവേഴ്‌സിറ്റിയെന്ന ആശയം നടപ്പിലാക്കിയത്  സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ദീര്‍ഘ വീക്ഷണത്തിന്റെ അടയാളമാണെന്ന് എം എല്‍ എ പറഞ്ഞു. അറിവിന്റെ ശക്തിയെ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാന്‍ അഹോരാത്രം പ്രയത്‌നിച്ച ഗുരുദേവന്റെ പേരിലുള്ള  യൂണിവേഴ്സിറ്റിയിലൂടെ ഏത് പ്രായത്തിലുള്ള പഠിതാക്കള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരമാണ് ഒരുങ്ങുന്നതെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
വിജ്ഞാന കേന്ദ്രമെന്നതിലുപരി ജനങ്ങളില്‍ നിന്ന് ആരംഭിച്ച് ജനങ്ങളില്‍ തന്നെ അവസാനിക്കുന്ന ഒരു ചട്ടക്കൂടിലാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ മുബാറക് പാഷ പറഞ്ഞു.

യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക്-കരിക്കുലം സമിതികളുടെ യോഗങ്ങളും അനുബന്ധപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ്  കമ്മീഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ കോഴ്സുകള്‍ ആരംഭിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും കേന്ദ്രങ്ങളുമായും  സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി വിഭാവനം ചെയ്യുന്നത്.
ടി കെ എം എഞ്ചിനീയയറിംഗ് കോളേജിലെ ആര്‍ക്കിടെക്ച്ചര്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഗാഥിയാണ് ലോഗോ തയ്യാറാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാന്‍സലര്‍ ഡോ എസ് വി സുധീര്‍, രജിസ്ട്രാർ ഡോക്ടർ പി എൻ  ദിലീപ്,  ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ടി എ ഷാഹുല്‍ ഹമീദ്, ടി കെ എം എന്‍ജിനീയറിംഗ് കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.