* 31 വരെ സംസ്ഥാനത്ത് ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ
* അന്തിമവോട്ടർപട്ടിക 20ന്


നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബർ 31 വരെ ലഭിച്ചത് റെക്കോർഡ് അപേക്ഷകൾ. 9,66,983 അപേക്ഷകളാണ് ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം ലഭിച്ച അപേക്ഷകളാണിവ.
ആകെ ലഭിച്ച അപേക്ഷകളിൽ 7,58,803 എണ്ണം പുതുതായി പേര് ചേർക്കാനുള്ളതാണ്. പ്രവാസി കേരളീയരുടെ 3595 അപേക്ഷകൾ ലഭിച്ചു. തിരുത്തലുകൾ വരുത്താൻ ലഭിച്ചത് 67,852 എണ്ണമാണ്. മണ്ഡലത്തിനുള്ളിൽ തന്നെ വിലാസം മാറ്റാൻ ലഭിച്ചത് 2760 അപേക്ഷകളാണ്. പേര് ഒഴിവാക്കാൻ ലഭിച്ച അപേക്ഷകൾ 1,09,093 ആണ്.
ലഭിച്ച അപേക്ഷകളുടെ പരിശോധന ജനുവരി 15 നകം പൂർത്തിയാക്കി യോഗ്യമായവ പട്ടികയിൽ ഉൾപ്പെടുത്തും. ഇതിനായി ജില്ലകളിൽ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കും. പരിശോധനകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ കളക്ടർമാർക്കും ഒരു കമ്പ്യൂട്ടർ പ്രോസസറുടെ കൂടി സേവനം ലഭ്യമാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ജില്ലകളിൽ നിന്ന് ലഭിക്കുന്ന പട്ടിക 16ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും. കമ്മീഷന്റെ അനുമതി ലഭ്യമാകുന്നതോടെ ജനുവരി 20ന് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
അന്തിമ വോട്ടർപട്ടികയിൽ പേര് വന്നവർക്ക് താമസം കൂടാതെ തിരിച്ചറിയൽ കാർഡ് നൽകാൻ നടപടി സ്വീകരിക്കും.
ഈ ജനുവരി ഒന്നുമുതൽ ലഭിക്കുന്ന അപേക്ഷകളുടെ പരിശോധന 20ന് ശേഷം ആരംഭിക്കും. ഇവയിൽ യോഗ്യമായവ ഉൾപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സപ്ലിമെൻറി പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെയും ജില്ലാ കളക്ടർമാരുടെയും നേതൃത്വത്തിൽ പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാൻ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
ഇതിനൊപ്പം സാമൂഹ്യ മാധ്യമങ്ങളിലൂടെയും, മാധ്യമങ്ങളിലൂടെയും, വകുപ്പുകളുടെ സഹകരണത്തോടെയും, രാഷ്ട്രീയ പാർട്ടികളുടെ മുൻകൈയിലും പേര് ചേർക്കാൻ നടത്തിയ പ്രചാരണങ്ങളുടെ കൂടി ഫലമായാണ് ഇത്രയും മികച്ച പ്രതികരണം ലഭിക്കാൻ സഹായകമായതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.