Kerala’s Top 50 Policies and projects-10
ഈ സര്ക്കാരിന്റെ കാലയളവില് കേരളത്തിന്റെ ചിരകാല സ്വപ്നമായ കേരളബാങ്ക് സാക്ഷാത്കരിച്ചത് നിശ്ചയദാര്ഢ്യത്തിന്റെയും പദ്ധതി നടപ്പാക്കുന്നതിലുള്ള കാര്യക്ഷമതയുടെയും പ്രത്യക്ഷ ഉദാഹരണമാണ്. സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും കാലോചിതമായി മികവിലേക്ക് ഉയര്ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് സ്ഥാപിതമായത്. മലപ്പുറം ജില്ല ഒഴികെയുള്ള 13 ജില്ലാ സഹകരണബാങ്കുകളെ സംയോജിപ്പിച്ചുകൊണ്ട് 2019 നവംബര് 29നാണ് കേരള ബാങ്ക് രൂപീകരിച്ചത്.
എല്ലാ ജില്ലാ സഹകരണബാങ്കുകള്ക്കും വളരെ ശക്തമായ അടിത്തറയാണുള്ളത്. ഈ ബാങ്കുകള് കൂട്ടിച്ചേര്ത്ത് ഒറ്റ ബാങ്കായി മാറ്റിയാല് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറാനും അതുവഴി മികച്ച സേവനങ്ങള് ജനങ്ങള്ക്ക് നല്കാനും വലിയ അവസരങ്ങള് കസ്റ്റമേഴ്സിന് ലഭ്യമാക്കാനും സാധിക്കും.
നാളിതുവരെ 61,000 കോടി രൂപയുടെ നിക്ഷേപവും 2019-20 സാമ്പത്തിക വര്ഷത്തില് 374 കോടി രൂപയുടെ ലാഭവും കൈവരിക്കാന് കേരള ബാങ്കിന് സാധിച്ചു എന്നത് തുടക്കം മുതല് തന്നെ കേരളബാങ്ക് വളര്ച്ചയുടെ പാതയിലൂടെ സഞ്ചരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.
റിസര്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്ക്ക് വിധേയമായി പ്രവര്ത്തിക്കുന്ന കേരളബാങ്ക് നിലവിലുള്ള ത്രിതല സംവിധാനത്തെ മാറ്റിക്കൊണ്ട് സംസ്ഥാന തലത്തില് കേരള ബാങ്കും ജില്ലാ തലത്തില് കേരള ബാങ്കിന്റെ ശാഖകളും എന്ന തരത്തില് ടൂ ടയര് സംവിധാനമായാണ് പ്രവര്ത്തിക്കുന്നത്.
മറ്റ് രാജ്യങ്ങളില് താമസിക്കുന്ന മലയാളികള് നിക്ഷേപത്തിന് കേരള ബാങ്കിനെ തിരഞ്ഞെടുക്കുന്നതും സാധാരണക്കാര്ക്ക് വളരെ പെട്ടെന്ന് സേവനങ്ങള് ലഭ്യമാക്കാൻ കഴിയുന്നതും കേരള ബാങ്കിന്റെ ജനകീയ പങ്കാളിത്തമാണ് തെളിയിക്കുന്നത്.