ലോക്ഡൗണിൽ കുടുങ്ങി കീമോതെറാപ്പിക്കായി യാത്രാ സഹായം തേടിയ ഓമനയെ സുരക്ഷിതമാക്കുകയാണ് കേരള ഫയർ സർവ്വീസിൻ്റെ തൃശൂർ വിഭാഗം ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ.
കാൻസർ ബാധിതയായ ഓമനയുടെയും നിർദ്ധനരായ കുടുംബത്തിൻ്റെയും ദുരിതാവസ്ഥ മനസ്സിലാക്കിയ ഇവർ ഓമനയ്ക്ക് നൽകുന്നത് പാറളം ഗ്രാമപഞ്ചായത്തിൽ കോടന്നൂരുള്ള സൗഹൃദ നഗറിൽ സ്വന്തമായി വീടും സ്ഥലവുമാണ്. വീടിൻ്റ ശിലാസ്ഥാപനം കുഷിവകുപ്പ് മന്ത്രി അഡ്വ.വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഗീതാ ഗോപി എം എൽ എ അദ്ധ്യക്ഷത വഹിച്ചു.
വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ പി എ ലാസർ വിട്ടുനൽകിയ മൂന്നു സെൻ്റ് സ്ഥലത്ത് തൃശൂർ വിഭാഗം ഡ്രൈവേഴ്സ് ആൻ്റ് മെക്കാനിക്സ് അസോസിയേഷൻ സ്വരൂപിച്ച പണം കൊണ്ടാണ് ഓമനയ്ക്ക് വീട് വെച്ച് നൽകുന്നത്. 500 ചതുരശ്ര അടിയിൽ നിർമിക്കുന്ന വീട്ടിൽ രണ്ട് ബെഡ് റൂമും ശുചി മുറിയും അടുക്കളയും ഒരു സ്വീകരണമുറിയും ഒരു സിറ്റ് ഔട്ടുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 2011-ൽ വൈദ്യുത ലൈനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) വിനോദ് കുമാറിൻ്റെ പത്താമത് അനുസ്മരണ ദിനത്തോടനുബന്ധിച്ചാണ് അസോസിയേഷൻ ഇവർക്ക് വീട് വെച്ച് നൽകുന്നത്.
ചടങ്ങിൽ പാറളം പഞ്ചായത്ത് പ്രസിഡൻറ് മിനി വിനയൻ, പാറളം പഞ്ചായത്ത് മെമ്പർ കെ പ്രമോദ്, ചേർപ്പ് ബ്ലോക്ക് മെമ്പർ ജെറി ജോസഫ്, ജോയിൻറ് കൗൺസിൽ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് മെമ്പർ എംയു കബീർ, തൃശൂർ ജില്ലാ ഫയർ ഓഫീസർ അഷ്റഫലി എന്നിവർ എങ്കെടുത്തു. കെഎഫ്എസ്ഡി ആൻ്റ് എംഎ ജനറൽ സെക്രട്ടി എം നസീർ സ്വാഗതവും ജനറൽ കൺവീനർ കെ എൽ എഡ്വേർഡ് നന്ദിയും പറഞ്ഞു.