ആലപ്പുഴ : ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്തില്‍ ആകെ ലഭിച്ച 35 പരാതികളില്‍ 34 പരാതികളും തീര്‍പ്പാക്കി. ബാങ്ക് വായ്പ്പ സംബന്ധിച്ച ഒരു പരാതി വിശദീകരണത്തിനും മേല്‍ നടപടികള്‍ക്കുമായി ബാങ്ക് ഓഫ് ബറോഡയ്ക്ക് നല്‍കി. ഡിസംബര്‍ 28ന് നടന്ന അദാലത്തില്‍ പരിഗണിക്കാത്ത അപേക്ഷകളാണ് 04.1.2021 നടന്ന അദാലത്തില്‍ പരിഗണിച്ചത്.

വയോധികയായ മുന്‍ അങ്കണവടി ടീച്ചറുമായ നെടുമുടി സ്വദേശി പൊന്നമ്മ തനിക്ക് പെന്‍ഷന്‍ ലഭിക്കുന്നത് തടസപപ്പെട്ടിരിക്കുകയാണെന്ന് കാണിച്ച്് നല്‍കിയ പരാതി പരിഗണിച്ചു. 2018 മുതല്‍ മസ്റ്ററിംഗ് നടത്താത്തത് മൂലമാണ് പെന്‍ഷന്‍ തടസപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 മുതലുള്ള ബാങ്ക് സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കുന്ന മുറയ്ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ചമ്പക്കുളം ഐ.സി.ഡി.എസിന് നിര്‍ദ്ദേശം നല്‍കി.

വെള്ളത്തിന്റെ ചാര്‍ജായി അധിക തുക വരുന്നതയുള്ള മുട്ടാര്‍ സ്വദേശി ഫ്രാന്‍സിസ് ആന്റണിയുടെ പരാതി തീര്‍പ്പാക്കി. റീഡിങ് തെറ്റായി രേഖപ്പെടുത്തിയതാണ് തുക കൂടാന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റി എടത്വ ഡിവിഷന്‍ അറിയിച്ചതിനെ തുടര്‍ന്ന് പരാതിക്കാരന് ശരിയായ ചാര്‍ജ് നില നിര്‍ത്തി 29354രൂപ കുറവ് നല്‍കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

ചമ്പക്കുളം ഗ്രാമപഞ്ചയത്ത് പന്ത്രണ്ടാം വാര്‍ഡിലെ കുടിവെള്ള ദൗര്‍ലഭ്യത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചമ്പക്കുളം സ്വദേശി എന്‍. ജയചന്ദ്രന്‍ നല്‍കിയ അപേക്ഷ പരിഗണിക്കുകയും വാട്ടര്‍ അതോറിറ്റി എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തില്‍ ജനസൗഹൃദപരമായി തീര്‍പ്പുണ്ടാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അദാലത്തിലേക്ക് അക്ഷയ സെന്റര്‍ വഴിയാണ് അപേക്ഷ സ്വീകരിച്ചത്. അപേക്ഷകര്‍ക്ക് അക്ഷയ സെന്ററില്‍ ഹാജരായി ജില്ല കളക്ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരം ലഭിച്ചു.
പരാതികളില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. അഡിഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.