Kerala’s Top 50 Policies and Projects-13 

ദുരന്തങ്ങളിൽ കേരളത്തിലെ സാധാരണ കുടുംബങ്ങൾക്ക് കൈത്താങ്ങായ പലിശരഹിത വായ്പയെക്കുറിച്ചാണ് കഴിഞ്ഞ ദിവസം (ജനുവരി മൂന്നിന്) പ്രതിപാദിച്ചത്. സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ബാങ്കുകളെ കോർത്തിണക്കി കുടുംബശ്രീ വഴിയായിരുന്നു പദ്ധതി നടപ്പാക്കിയത്. അതുപോലെ സഹകരണ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചും ജനങ്ങൾക്ക് ആശ്വാസം പകരുന്ന മികച്ച പദ്ധതികൾ നടപ്പാക്കാൻ സർക്കാരിനായി.

ദുരന്തങ്ങൾക്കിരയായവർക്ക് വേണ്ടി മാതൃകാപരമായ രണ്ടു പദ്ധതികളാണ് സഹകരണ മേഖലയുടെ സഹായത്തോടെ സർക്കാർ ആവിഷ്‌കരിച്ചത്.

കേരളത്തിലെ വിവിധ സഹകരണ ബാങ്കുകൾ ഉൾപ്പെടുന്ന വലിയ സംരംഭമാണ് സഹകരണപ്രസ്ഥാനം. കേരളത്തിലങ്ങോളമിങ്ങോളം കുറ്റമറ്റ രീതിയിൽ സർക്കാരിന്റെ സഹായ പദ്ധതികൾ എത്തിക്കുന്നതിൽ സഹകരണ മേഖല എക്കാലവും മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളം ദുരന്തങ്ങളെ നേരിട്ടപ്പോൾ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കെയർ ലോൺ എന്ന നൂതന ആശയമാണ് സർക്കാർ കൊണ്ടുവന്നത്.

പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും വീടുകൾക്കുണ്ടായ ചെറിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും നൽകുന്ന വായ്പയാണ് കെയർലോൺ. പദ്ധതിയുടെ ഭാഗമായി 713.92 കോടി രൂപ പ്രളയദുരിത ബാധിതരായ 85661 അംഗങ്ങൾക്ക് വായ്പയായി നൽകി. ദുരന്ത നാളുകളിൽ ജനങ്ങൾക്ക് ഏറ്റവും ആശ്വാസമേകുന്ന നയങ്ങളിൽ ഒന്നായി കെയർ ലോൺ മാറി എന്നത് അഭിമാനകരമായ നേട്ടമാണ്.

2018 ലെ മഹാ പ്രളയത്തിന് ശേഷം നമ്മുടെ നാടിന്റെ സുപ്രധാനമായ ആവശ്യം നഷ്ടപ്പെട്ട വീടുകൾക്ക് പകരം പുതിയ വീട് എന്നതായിരുന്നു. അതിനായാണ് സഹകരണ വകുപ്പിലൂടെ കെയർ ഹോം പദ്ധതി സർക്കാർ നടപ്പാക്കിയത്. ഓരോ വീടിനും അഞ്ചുലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി 2020 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് പ്രളയത്തിൽ ഭവനരഹിതരായവർക്ക് കൈമാറാൻ സഹകരണ വകുപ്പിന് കഴിഞ്ഞു.

പ്രളയാനന്തരം സർക്കാർ നടപ്പാക്കുന്ന പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങളിൽ സുപ്രധാനമായ പങ്കാണ് കെയർഹോം, കെയർ ലോൺ പദ്ധതികൾ വഹിച്ചത്.

#keralas_top50projects_andpolicies
#KeralaLeads