ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ല- പ്രധാനമന്ത്രി

*ഗെയിൽ പദ്ധതി നാടിന് സമർപ്പിച്ചു
കേരള, കർണാടക സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിന് ഗെയിൽ പദ്ധതി വലിയ സംഭാവനയാകുമെന്ന് പദ്ധതി നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  ഒന്നിച്ചു നിന്നാൽ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു. ‘വൺ നേഷൻ വൺ ഗ്യാസ് ഗ്രിഡ്’ സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന നാഴികകല്ലാണിതെന്നും പ്രധാനമന്ത്രി ഗെയിൽ പദ്ധതി നാടിനു സമർപ്പിച്ചു സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.  പദ്ധതി പൂർത്തിയാക്കിയതിന് കേരളത്തിലെയും കർണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
രണ്ടു സംസ്ഥാനങ്ങളിലെയും ലക്ഷകണക്കിന് ജനങൾക്ക് വീടുകളിൽ പൈപ്പ് ചെയ്ത പ്രകൃതിവാതകം (പിഎൻജി) വിതരണം ചെയ്യാൻ പദ്ധതി സഹായിക്കും, അതേസമയം ഗതാഗത മേഖലയ്ക്ക് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ലഭിക്കുന്നതിനും വഴി ഒരുക്കും.  വ്യവസായശാലകൾക്ക് ചെലവ് കുറഞ്ഞ ഇന്ധനം ലഭ്യമാക്കുന്നത്  വഴി വ്യാവസായിക കുതിപ്പും  സാധ്യമാകും. വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങൾ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നും  അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ പദ്ധതി നിർവ്വഹണ ചരിത്രത്തിൽ തന്നെ പുതിയ ഒരു അധ്യായമാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി ഗെയിൽ പദ്ധതി രാജ്യത്തിന്  സമർപ്പിച്ചതോടെ എഴുതിച്ചേർക്കപ്പെട്ടത്. 450 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്‌ലൈൻ അനവധി പ്രതിബന്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് സാക്ഷാൽകൃതമാകുന്നത് രാജ്യത്തിന് തന്നെ ഒരു ബഹുമതിയാണ്. പദ്ധതി നിർവ്വഹണത്തിൽ കേരളത്തിന്റെയും കേരള സർക്കാരിന്റെയും കരുത്തും മികവും ഒന്നുകൂടി ലോകത്തിന് മുമ്പിൽ വെളിവാക്കപ്പെട്ടു. കർണാടകയിലെയും കേരളത്തിലെയും ജനങ്ങളുടെ  ജീവിതത്തിലും പദ്ധതി വിപ്ലവകരമായ മാറ്റങ്ങൾക്കാണ് വഴിതുറക്കുക.
ഉദ്ഘാടന ചടങ്ങിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കർണാടക ഗവർണർ വാജുഭായ് വാല, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ, പെട്രോളിയം പ്രകൃതിവാതക മന്ത്രി  ധർമേന്ദ്ര പ്രധാൻ , കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി മുരളീധരൻ, തുടങ്ങിയവർ പങ്കെടുത്തു.


മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്റെ പ്രശംസ
ഗെയിൽ പൈപ്പ്ലൈൻ യാഥാർത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നൽകിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി  ധർമേന്ദ്ര പ്രധാൻ നന്ദി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ വൻകിട പദ്ധതി പൂർത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ ഉത്തമ മാതൃകയാണ് ഗെയിൽ പദ്ധതി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യോജിച്ച് നടത്തിയ പ്രവർത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.


ഗെയിൽ: നാൾവഴികൾ ഇങ്ങനെ…

ഗെയിൽ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത് 2010-ലാണ്. കൊച്ചി എൽഎൻജി ടെർമിനലിൽ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ൽ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോൾ അന്നത്തെ സർക്കാർ പിൻവാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവർക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുൻ സർക്കാർ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവൻ പ്രവൃത്തികളും ഗെയിൽ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതൽ മുടക്കിൽ പുതുവൈപ്പിനിൽ സ്ഥാപിച്ച എൽഎൻജി ടെർമിനൽ കേന്ദ്ര സർക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ൽ പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനർജീവൻ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളിൽ 30 മീറ്ററാണ് പൈപ്പിടാൻ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെൻറിൽ താഴെ ഭൂമിയുള്ളവർക്ക് അതിൽ വീട് വെയ്ക്കാൻ സൗകര്യം നൽകി. അവർക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നൽകി. വിളകൾക്ക് നഷ്ടപരിഹാരം ഉയർത്തി.
സ്ഥലമേറ്റെടുക്കൽ, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാർക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാൻ സർക്കാർ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങൾ നീക്കാൻ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്റെയൊക്കെ ഫലമായി സർക്കാരിന്റെ ആദ്യ ആയിരം ദിവസങ്ങൾക്കകം 330 കിലോമീറ്റർ പൈപ്പ് ലൈനിടാൻ കഴിഞ്ഞു.
വിജയകരമായ കേരള മാതൃകയിൽ പ്രവർത്തനങ്ങൾ മുമ്പോട്ടുകൊണ്ടുപോകാൻ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ ഈ സർക്കാരിന്റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്റെ പ്രധാന ഉദ്യോഗസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.