പത്തനംതിട്ട:സംസ്ഥാനത്ത് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. പത്തനംതിട്ട ജില്ലയിലെ ജില്ലാ പഞ്ചായത്തിലേയും നാലു നഗരസഭകളിലേയും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലേയും 53 ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികള്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
ജനങ്ങളോട് അടുത്തു നില്‍ക്കുന്ന പ്രാദേശിക സര്‍ക്കാര്‍ എന്ന ബോധ്യം തെരഞ്ഞെടുപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ഉണ്ടാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്രമമില്ലാതെ പരിശ്രമിച്ചാല്‍ മാത്രമേ നാടിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ജനപ്രതിനിധികള്‍ക്കു കഴിയുകയുള്ളൂ. തന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം സുസ്ഥിര വികസന മേഖലയില്‍ സംസ്ഥാനം ദേശീയ തലത്തില്‍ ഒന്നാം നിരയില്‍ എത്തുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. വിവിധ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. വികസനത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടാകുന്നതു നല്ലതാണ്. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേതൃത്വപരമായ ഇടപെടല്‍ നടത്താന്‍ പുതിയതായി ചുമതലയേറ്റ ജനപ്രതിനിധികള്‍ക്കു കഴിയട്ടേയെന്നു മുഖ്യമന്ത്രി ആശംസിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം വിവിധ പ്രതിസന്ധികള്‍ക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനകീയ പങ്കാളിത്തം ഉറപ്പാക്കി ശക്തമായ ഇടപെടല്‍ ഉണ്ടാക്കാനായതായി മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഈ ഇടപെടല്‍ പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും തുടര്‍ന്നും ഉണ്ടാക്കാന്‍ കഴിയണം. നിലവിലെ പദ്ധതികള്‍ ഗുണനിലവാരം ഉയര്‍ത്തി പദ്ധതി നിര്‍വഹണം നടത്തണം. പുതിയ സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ക്കുള്ള ആസൂത്രണം ഇപ്പോള്‍തന്നെ തുടങ്ങണമെന്നു മന്ത്രി പറഞ്ഞു.
ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ ഏറ്റവും മുന്നിലുള്ള പ്രാദേശിക സര്‍ക്കാരിനെ സൃഷ്ടിക്കാന്‍ ജനകീയ ആസൂത്രണം നടപ്പാക്കിയതിലൂടെ കേരളത്തിനു സാധിച്ചതായി ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് പറഞ്ഞു. നിലവിലുള്ള സ്‌കീമുകള്‍ പഠിച്ച് നമ്മുടെ നാട്ടില്‍ ഇവ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നുള്ള കാഴ്ച്ചപ്പാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വളര്‍ത്തിയെടുത്ത് പ്രാവര്‍ത്തികമാക്കണമെന്നും ധനമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ.എന്‍.ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഹാളില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി.പി. രാജപ്പന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലേഖ സുരേഷ്, ശ്രീനാദേവി കുഞ്ഞമ്മ, ജിജോ മോഡി, ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കല്‍, ആര്‍.അജയകുമാര്‍, സാറാ ടീച്ചര്‍, ജിജി മാത്യു, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.