Kerala’s Top 50 Policies and Projects-15
പത്ത് ലക്ഷത്തിലധികം കുടിവെള്ള കണക്ഷനുകൾ നൽകിയും സമയബന്ധിതമായി വിവിധ കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയും 27 ലക്ഷത്തോളം ആളുകൾക്ക് ഇതിന്റെ പ്രയോജനം ഉറപ്പുവരുത്തിയും സർക്കാർ കുടിവെള്ള വിതരണ മേഖലയിൽ നടത്തിയ ഇടപെടലിനെക്കുറിച്ച് മുൻപ് സൂചിപ്പിച്ചിരുന്നു. (പോസ്റ്റർ 12 ) കുടിവെള്ളത്തിന്റെ ഭാവിയിലെ ആവശ്യകത മുന്നിൽ കണ്ട് ജലവിഭവ വകുപ്പ് സ്വീകരിച്ചിട്ടുള്ള നയങ്ങളെക്കുറിച്ച് ഇനി വിശദമാക്കാം.
പതിനായിരം കോടിയിലധികം രൂപയുടെ ജലവിതരണ, സീവറേജ് പദ്ധതികൾക്കാണ് സർക്കാർ നാലര വർഷത്തിനിടയിൽ അനുമതി നൽകിയിട്ടുള്ളത്. 6660.46 കോടി രൂപയുടെ പദ്ധതികൾ ജൽജീവൻ മിഷന്റേയും 4428.76 കോടി രൂപയുടെ പദ്ധതികൾ കിഫ്ബിയുടെയും 1332.87 കോടി രൂപയുടെ പദ്ധതികൾ അമൃതിന്റേയും ഭാഗമായാണ് നടപ്പാക്കുന്നത്.
ഇതു കൂടാതെ നബാർഡ്, റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ്, സംസ്ഥാന പ്ലാൻ വിഹിതം, ജലനിധി എന്നിവയുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളുടെ കണക്ക് എടുക്കുമ്പോൾ പതിനായിരം കോടി രൂപ കഴിയും. ദീർഘകാലത്തേക്കുള്ള കുടിവെള്ള പദ്ധതികൾക്കായി നടത്തുന്ന നിക്ഷേപത്തിലൂടെ കേരളം ജലസുരക്ഷയിൽ മുന്നിലെത്തണമെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.
793.25 കോടി രൂപയുടെ ചെറുതും വലുതുമായ 1017 കുടിവെള്ള പദ്ധതികളാണ് ജലനിധിയിലൂടെ നടപ്പാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കൊച്ചി എന്നീ വലിയ നഗരങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാനും നിലവിൽ ഇവിടങ്ങളിലുള്ള കുടിവെള്ള പദ്ധതികളുടെ ശേഷി വർധിപ്പിക്കാനുമായി 2511 കോടി രൂപയുടെ എ.ഡി.ബി പദ്ധതി ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിന് ആവശ്യമായ വിവിധ പദ്ധതികൾ നടപ്പാക്കുന്നതു കൂടാതെ ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കാൻ വേണ്ടി കാലാനുസൃത പരിഷ്‌കാരങ്ങളും വാട്ടർ അതോറിറ്റിയിൽ സർക്കാർ നടപ്പാക്കി. വെള്ളക്കരം ഓൺലൈനിൽകൂടി അടയ്ക്കാനുള്ള ക്വിക് പേയും പുതിയ കുടിവെള്ള കണക്ഷൻ ലഭിക്കുന്നതിനായുള്ള ഓൺലൈൻ അപേക്ഷാ സംവിധാനവും പരാതികൾ കേൾക്കാനുള്ള 24×7 സംവിധാനമായി 1916 ടോൾഫ്രീ നമ്പറും ഒരുക്കി.
2600 ലധികം ജീവനക്കാരെ പുതിയതായി നിയമിച്ച് വാട്ടർ അതോറിറ്റിയെ ശക്തിപ്പെടുത്താനും സർക്കാർ നടപടി സ്വീകരിച്ചു. 1010 ഓപ്പറേറ്റർമാർ, 199 അസി. എൻജിനിയർ, 392 ഡ്രാഫ്റ്റ്‌സ്മാൻ, 209 ഓവർസിയർ എന്നിവരെയാണ് ഈ കാലയളവിൽ നിയമിച്ചത്.