ആലപ്പുഴ: ഉത്സവങ്ങളും സാംസ്‌ക്കാരിക പരിപാടികളും പോലെയുള്ള ആളുകള്‍ ഒത്തുകൂടാനിടയുള്ള അവസരങ്ങള്‍ അതി തീവ്ര രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കോവിഡ് രോഗ വ്യാപനത്തിന് വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ സ്ഥലങ്ങളും തിരക്കുള്ള സ്ഥലങ്ങളും മുഖാമുഖം അടുപ്പത്തിലുള്ള ഇടപെടലുകളും പ്രധാന കാരണങ്ങളാണ്. അതുകൊണ്ട് ഉത്സവങ്ങള്‍, റാലികള്‍, പ്രദര്‍ശന പരിപാടികള്‍, ജാഥകള്‍, അനുബന്ധമായുള്ള കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. പരിപാടികള്‍ സംഘടിപ്പിക്കുന്ന തീയതി, പ്രതീക്ഷിക്കുന്ന ആളുകളുടെ എണ്ണം, രോഗ വ്യാപനം തടയാനാവശ്യമായ പ്രതിരോധ സജ്ജീകരണങ്ങള്‍ എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചായിരിക്കണം. വിവരങ്ങള്‍ അതാത് പ്രദേശത്തെ ആരോഗ്യകേന്ദ്രങ്ങളില്‍ അറിയിച്ച് അനുമതി വാങ്ങിയിരിക്കണം. കണ്ടയ്ന്‍മെന്റ് സോണുകളില്‍ ഉത്സവം പോലെയുള്ള പരിപാടികള്‍ നടത്തരുത്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ ആളുകള്‍ കൂടുന്ന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുക. ചടങ്ങുകളില്‍ സംബന്ധിക്കുന്ന എല്ലാവരും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കുകയും അകലം പാലിക്കുകയും കൈകളുടെ ശുചിത്വം ഉറപ്പാക്കുകയും വേണം. ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ കരുതലെടുക്കണം. ആരാധന നടത്തുന്നയിടത്ത് വേണ്ടത്ര വായു സഞ്ചാരമില്ലെങ്കില്‍ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം. സമുഹസദ്യ ഒഴിവാക്കുക. അനുഷ്ഠാനവുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത സദ്യ നടത്തേണ്ടതുണ്ടെങ്കില്‍ ശാരീരിക അകലം ഉറപ്പിക്കുന്ന ഇരിപ്പിട ക്രമീകരണവും സമയക്രമീകരണവും ഉറപ്പാക്കുക. ആരാധനാലയങ്ങളിലെ പരികര്‍മ്മികളും സന്ദര്‍ശകരും ഉള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അകത്ത് പ്രവേശിക്കരുത്.
വിവിധ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. കൈകള്‍ സോപ്പോ സാനിട്ടറൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ അണുവിമുക്തമാക്കുക. പരസ്പരം 6 മീറ്റര്‍ അകലമുണ്ടെന്നുറപ്പാക്കുക. ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തെ സ്പര്‍ശന തലങ്ങള്‍ 1% ബ്ലീച്ചു ലായനി ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കുക. ചടങ്ങുകളില്‍ പങ്കെടുത്തവര്‍ തുടര്‍ന്നുള്ള 14 ദിവസത്തേയ്ക്ക് രോഗലക്ഷണമുണ്ടോയെന്ന് സ്വയം പരിശോധന നടത്തുക. ലക്ഷണങ്ങളുണ്ടെങ്കില്‍ ദിശ 1056 ല്‍ ബന്ധപ്പെടുക. സംഘാടകര്‍ ചടങ്ങു നടത്തുന്ന സ്ഥലത്തിന്റെ വ്യാപ്തിയും പരിധിയും, ലക്ഷണങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍, കൈകള്‍ അണുവിമുക്തമാക്കാനും സാമൂഹിക അകലമുറപ്പിക്കാനുമുള്ള ക്രമീകരണങ്ങള്‍ എന്നിവയെക്കുറിച്ച് മുന്‍കൂര്‍ പദ്ധതി തയ്യാറാക്കണം.
ആഘോഷം ദിവസങ്ങളോ ആഴ്ചകളോ നീണ്ടു നില്‍ക്കുമ്പോള്‍ ജനസാന്ദ്രത കൂടാനിടയുള്ള സമയവും ദിവസവും മുന്‍കൂര്‍ മനസ്സിലാക്കി പ്രത്യേക ജാഗ്രതയും പ്രതിരോധവും പുലര്‍ത്തുക. വായു സഞ്ചാരമുള്ള ഇടങ്ങളിലായിരിക്കണം ചടങ്ങ് നടത്തേണ്ടത്. അകത്തു കടക്കാനും പുറത്തിങ്ങാനും കൂടുതല്‍ കവാടങ്ങള്‍ സജ്ജീകരിക്കുന്നത് കൂട്ടം കൂടാനുള്ള സാധ്യത കുറയ്ക്കും. പ്രവേശന കവാടങ്ങളില്‍ ലക്ഷണങ്ങള്‍ പരിശോധിക്കേണ്ടതും കൈകള്‍ അണു വിമുക്തമാക്കേണ്ടതുമാണ്. രോഗലക്ഷണങ്ങളുള്ളവര്‍ അകത്ത് പ്രവേശിക്കരുത്. പന്തല്‍, സദ്യാലയങ്ങള്‍, പരിസരത്തെ കടകള്‍, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കണം. തിളപ്പിച്ചാറിയ കുടിവെള്ള വിതരണത്തിനുള്ള ക്രമീകരണം വേണം. പ്രതിഷ്ഠകള്‍, വിശുദ്ധ ഗ്രന്ഥങ്ങള്‍ തുടങ്ങിയവയില്‍ സ്പര്‍ശിക്കരുത്. പ്രാര്‍ത്ഥനാ ഗാനാലാപന സംഘങ്ങള്‍ ഒഴിവാക്കി റെക്കോര്‍ഡുകള്‍ ഇടുന്നതാണ് ഉചിതം. ഘോഷയാത്രകളില്‍ നിര്‍ദ്ദിഷ്ട എണ്ണം ആളുകള്‍ സാമൂഹിക അകലമുറപ്പാക്കി മാസ്‌ക് ശരിയായി ധരിച്ചു മാത്രം പങ്കെടുക്കണമെന്നും ഡി.എം.ഒ അറിയിച്ചു.