തൃശ്ശൂർ:ഒല്ലൂരിലെ എല്ലാ സ്കൂളുകളുടെയും ഭൗതിക സാഹചര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഒല്ലൂക്കര നിയോജക മണ്ഡലത്തിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ഫെബ്രുവരിയിൽ പൊതു സമൂഹത്തിന് സമർപ്പിക്കുമെന്ന് ചീഫ് വിപ്പ് അഡ്വ. കെ രാജൻ പറഞ്ഞു.ഒല്ലൂർ നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും ഹൈടെക്കാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. പൊതുവിദ്യാ ഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായാണ് മണ്ഡലത്തിൽ ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കുന്നത്. കൈറ്റിൻ്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയും എം എൽ എയുടെ ആസ്തി വികസന ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി എന്നിവ ഉപയോഗിച്ചുമാണ് ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി 32 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.പാണഞ്ചേരി പഞ്ചായത്തിലെ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണങ്ങൾ ഫെബ്രുവരിയോടെ പൂർത്തീകരിക്കും. പീച്ചി സ്കൂളിൽ മൂന്ന് കോടി രൂപയുടെ കെട്ടിട നിർമാണം ഏകദേശം പൂർത്തിയായി. ഇതിനോടനുബന്ധിച്ചുള്ള മൾട്ടി പർപ്പസ് സിന്തറ്റിക് ട്രാക്ക്, ലാൻഡ് സ്കേപ്പിംഗ്, സൈക്കിൾ ഷെഡ് എന്നിവയും ഉടൻ പൂർത്തിയാകും. കെട്ടിടത്തിന്റെ മുകളിൽ ട്രെസ് വർക്ക് ചെയ്ത് ഓഡിറ്റോറിയം നിർമ്മിക്കാൻ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു. പീച്ചി എൽ.പി സ്കൂളിൽ ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. പട്ടിക്കാട് എൽ.പി സ്കൂളിലെ ഒരു കോടി രൂപ ചിലവഴിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും നടന്നു വരികയാണ്. മൂന്ന് കെട്ടിടങ്ങളും ഫെബ്രുവരി മാസത്തിനകം നിർമിച്ച് സ്കൂളുകൾക്ക് കൈമാറണമെന്ന് പ്രവർത്തനം വിലയിരുത്താനെത്തിയ ചീഫ് വിപ്പ് അഡ്വ. കെ രാജാൻ കരാറുകാർക്ക് നിർദ്ദേശം നൽകി. പട്ടിക്കാട് ഗവ ഹയർസെക്കൻ്ററി സ്‌കൂളിലെ 4 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഡി പി ആർ തയ്യാറാക്കി കിഫ്ബിയുടെ പരിശോധന പൂർത്തീകരിച്ചു. ഫെബ്രുവരി മാസത്തിനകം നിർമ്മാണം ആരംഭിക്കാൻ സാധിക്കും.5 കോടി രൂപ ചിലവഴിച്ച് നിർമിച്ച് കൊണ്ടിരിക്കുന്ന പുത്തൂർ ഹയർ സെക്കൻ്ററി സ്കൂൾ, 3 കോടി രൂപ ചിലവിൽ നിർമ്മിച്ചിരിക്കുന്ന പീച്ചി ഹയർ സെക്കൻ്ററി സ്കൂൾ, 2 കോടി 68 ലക്ഷം മൂർക്കനിക്കര യു പി സ്കൂൾ, 2 കോടി വൈലോപ്പിള്ളി സി എച്ച് എസ് ഇ സ്കൂൾ, ഒരു കോടി നെടുപുഴ ബിസി ജൂനിയർ സ്കൂൾ
തുടങ്ങി 7 ഓളം സ്കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.പുത്തൂർ എൽ പി സ്കൂളിന് ആദ്യ ഘട്ടമെന്ന നിലയിൽ ലഭിച്ച ഒരു കോടി കൊണ്ട് നിർമാണം പൂർത്തിയാക്കിയ കെട്ടിടം വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. സ്കൂളിന് അനുവദിച്ച മറ്റൊരു ഒരു കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഈ മാസം തന്നെ ആരംഭിക്കുമെന്ന് കെ.രാജൻ പറഞ്ഞു.ഒരു കോടി കട്ടിലപൂവ്വം ഗവൺമെൻ്റ് ഹൈസ്കൂൾ,കോടി അഞ്ചേരി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ, 4 കോടി പട്ടിക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ, 3 കോടി വൈലോപ്പിള്ളി ഹൈസ്കൂൾ എന്നിങ്ങനെ കിഫ് ബി പദ്ധതിയിൽ അനുമതി ലഭിച്ചതിനെ തുടർന്ന് പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കും.
ഒല്ലൂർ പനംകുറ്റിച്ചിറയിലുള്ള ജിയുപി സ്കൂളിന് 50 ലക്ഷം രൂപ എം എൽ എ ഫണ്ടിൽ നിന്ന് അനുവദിച്ചത് കൊണ്ട് പുതിയ കെട്ടിടം നിർമിച്ചു.സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കുക വഴി നാളിതുവരെ ഒല്ലൂർ നിയോജക മണ്ഡലത്തിൽ കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ മുന്നേറ്റമാണ് ഉണ്ടാകുന്നതെന്ന് ചീഫ് വിപ്പ് കെ.രാജൻ.