Kerala’s Top 50 Policies and Projects -16

ലോഡ്‌ഷെഡിംഗും പവർ കട്ടും ഇല്ലാത്ത നാലര വർഷം ജനങ്ങൾക്ക് നൽകിയതിനെക്കുറിച്ചും 17 ലക്ഷം കണക്ഷനിലൂടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതിനെക്കുറിച്ചും മികച്ച ഉപഭോക്തൃസേവനം നൽകിയതിനെക്കുറിച്ചും ഇതിനുമുമ്പുള്ള ലേഖനത്തിൽ (പോസ്റ്റർ 6) വിശദീകരിച്ചിരുന്നു. ദീർഘകാല വീക്ഷണത്തോടെ കെ എസ് ഇ ബി നടപ്പാക്കിയ പദ്ധതികളെക്കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

വൈദ്യുതി മേഖലയെ കാലത്തിനനുസരിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്താൻ നാലര വർഷംകൊണ്ട് ഊർജ വകുപ്പിന് സാധിച്ചു. വൈദ്യുതി മേഖലയിലെ സമഗ്രവികസനത്തിന് ഊർജകേരള മിഷൻ സ്ഥാപിച്ചതാണ് ഇതിൽ സുപ്രധാന നേട്ടം. അഞ്ച് പദ്ധതികൾ കോർത്തിണക്കിയാണ് ഊർജകേരള മിഷൻ നടപ്പാക്കുന്നത്. പുരപ്പുറ സോളാർ പദ്ധതി, ഫിലമെന്റ്, ഫ്‌ളൂറസെന്റ് ബൾബുകൾക്ക് പകരം എൽ. ഇ. ഡി ബൾബുകളുടെ പദ്ധതി, വൈദ്യുതി വിതരണ ശൃംഖലയെ ലോകനിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള ദ്യുതി 2021, ട്രാൻസ്ഗ്രിഡ്, വൈദ്യുതി അപകടം കുറയ്ക്കുന്നതിനുള്ള ഇ സേഫ് പദ്ധതി എന്നിവയാണ് ഊർജകേരള മിഷനിൽ ഉൾപ്പെടുത്തിയത്.

കേരളത്തിലെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ വൈദ്യുത ചാർജിംഗ് മെഷീനുകൾ സ്ഥാപിക്കാനും ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഊർജമിഷന്റെ ഭാഗമായി സൗര പുരപ്പുറ സോളാർ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയതും ഫിലമെന്റ്, മെർക്കുറി രഹിത കേരളത്തിനായി എൽ ഇ ഡി വിതരണം ഏറ്റെടുത്ത് നടപ്പാക്കാൻ കഴിഞ്ഞതും പ്രധാന നേട്ടങ്ങളാണ്. ഊർജ ഉത്പാദനത്തിന് കൂടുതൽ പുനരുപയോഗ ഊർജപദ്ധതികൾക്ക് പ്രാധാന്യം നൽകി ഹരിതോർജത്തിലേക്കുള്ള ചുവടുവയ്പ്പ് സ്വീകരിച്ചതാണ് മറ്റൊരു സുപ്രധാന നേട്ടം.

കാലാനുസൃതമായ നൂതന പദ്ധതികളിലൂടെ മികച്ച സേവനം ഉറപ്പാക്കി ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കണ്ടെത്തുന്ന നിലപാടാണ് കെ എസ് ഇ ബിയുടേത്. സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഇതിന് പ്രചോദനമാകുന്നത്.

#keralas_top50_projectsandpolicies
#KeralaLeads