കാസര്‍ഗോഡ്: നീലേശ്വരം നഗരസഭാ പരിധിയിലെ ഉപ്പ് വെള്ളം കയറി കൃഷിനാശം സംഭവിക്കുകയും, കുടിവെള്ളം ഉപയോഗരഹിതവുമായ പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍ എം.എല്‍.എ എം.രാജഗോപാലന്‍ സന്ദര്‍ശിച്ചു. മുണ്ടേമ്മാട് ദ്വീപ്, പൊടോത്തുരുത്തി, കടിഞ്ഞിമൂല, പുറത്തേക്കൈ എന്നീ പ്രദേശങ്ങളില്‍ അടിയന്തിര ഇടപെടല്‍ നടത്തി ഉപ്പ് വെള്ളക്കെടുതി കുറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ എം എല്‍ എ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മുണ്ടേമ്മാട് ദ്വീപിന്റെ സംരക്ഷണത്തിന് വേണ്ടി സമഗ്ര ദ്വീപ് തീരസംരക്ഷണം, പൊടോത്തുരുത്തി-ചാത്തമത്ത് ചെറിയ ചാലില്‍ ഇരുഭാഗങ്ങളിലും വെന്റഡ് ക്രോസ് ബാറുകള്‍, പുറത്തേക്കൈ ക്രോസ്ബാര്‍ നവീകരണം, കടിഞ്ഞിമൂല ക്രോസ്ബാര്‍ കം ബ്രിഡ്ജ് എന്നിവയ്ക്കുള്ള പദ്ധതികളും തയ്യാറാക്കാന്‍ നടപടി സ്വീകരിച്ചതായി എം എല്‍ എ പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം.കെ.വിനയരാജ്, എം.ഭരതന്‍, പി.കുഞ്ഞിരാമന്‍, പി.സുഭാഷ്, എ.ബാലകൃഷ്ണന്‍, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.രമേശന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.വി.രമേശന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.