സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളില്‍ കൊല്ലം ജില്ല ലക്ഷ്യത്തിലേക്ക്. പൂര്‍ത്തിയാക്കാത്ത വീടുകളുടെ പൂര്‍ത്തികരണമാണ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.  ജില്ലയില്‍ ആകെ 3832 വീടുകളാണ് ഈ പട്ടികയിലുള്ളത്. ഇതില്‍ 2242 വീടുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ശേഷിക്കുന്നവ മെയ് 31ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലൈഫ് മിഷന്‍ ജില്ലാതല അവലോകനയോഗം തീരുമാനിച്ചു. ലൈഫ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.പി. സാബുക്കുട്ടന്‍ നായര്‍  അവലോകനം നിര്‍വഹിച്ചു.
പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ തുക ലഭ്യമാക്കുന്നതിന് ഏതു ഭവന പദ്ധതി  പ്രകാരം ലഭിച്ച വീടാണെങ്കിലും യൂണിറ്റ് ചെലവ് മൂന്നു ലക്ഷം രൂപയായി നിശ്ചയിച്ച്  നാലു ലക്ഷം രൂപ വരെ ആനുപാതിക തുക നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതിനനുസരിച്ച് ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് എല്ലാ ഗുണഭോക്താക്കള്‍ക്കും ആവശ്യമായ തുക ലഭിക്കും.
ലൈഫിന്റെ രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. ഈ വര്‍ഷം തന്നെ എല്ലാ ഗുണഭോക്താക്കള്‍ക്കും തുക നല്‍കും. ഇതിനായി ഗുണഭോക്തൃ സംഗമങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
അവലോകന യോഗത്തില്‍ ലൈഫ് മിഷന്‍ പ്രോജക്റ്റ് ഡയറക്ടര്‍ എ.ലാസര്‍, മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. പ്രദീപ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ മനുഭായി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ നജീം, എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും സെക്രട്ടറിമാര്‍, അസിസ്റ്റന്റ് സെക്രട്ടറിമാര്‍, മറ്റ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.