പുലമണ്‍ തോടിന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കൊട്ടാരക്കര നഗരസഭയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും  യോഗം തീരുമാനിച്ചു. പി. അയിഷപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശ്യാമളയമ്മ  അധ്യക്ഷത വഹിച്ചു.
പദ്ധതിക്കായി തദ്ദേശ ഭരണസ്ഥാപനങ്ങളും വിവിധ വകുപ്പുകളും സഹകരിച്ച് പ്രവര്‍ത്തിപ്പിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.
മെയ് അഞ്ചിന് മുന്‍പ് തദ്ദേശ സ്ഥാപനങ്ങളും റവന്യൂ വകുപ്പും പോലീസും സംയുക്ത സര്‍വ്വേ നടത്തി, ഭൂമി അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട് അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കണം. ഹോട്ടലുകള്‍, വീടുകള്‍, ആശുപത്രികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും തോട്ടിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് തടയാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടി സ്വീകരിക്കണം.
 ഇറിഗേഷന്‍ വകുപ്പ് ചെയ്യേണ്ട പ്രവൃത്തികള്‍ നിര്‍ണയിച്ച്, പുതുക്കിയ പദ്ധതിരേഖ സമര്‍പ്പിക്കണം. നഗരസഭ, പഞ്ചായത്ത് തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് തൊഴിലുറപ്പ് വിഭാഗം റിപ്പോര്‍ട്ട് നല്‍കണം. മുന്‍പ് ചെയ്ത പ്രവൃത്തികളുടെ നവീകരണം, തോടിനു ചുറ്റും നടപ്പാത നിര്‍മാണം, വിശ്രമ കേന്ദ്രങ്ങള്‍, ലഘുഭക്ഷണ ശാലകള്‍, ടൂറിസം വികസനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ സജ്ജമാക്കുന്നതിന് ടൂറിസം വകുപ്പിനെ ചുമതലപ്പെടുത്തി. ലഭ്യമായ ഇടങ്ങളില്‍ കൃഷി വകുപ്പ് നെല്ല്, പച്ചക്കറി, കശുമാവ് തുടങ്ങിയവയുടെ കൃഷി വ്യാപിപ്പിക്കും.
വിവിധ വകുപ്പുകളുടെയും കൊട്ടാരക്കര നഗരസഭയുടെയും മേഖലയിലെ  പഞ്ചായത്തുകളുടെയും അനുവദനീയമായി തുക ഉപയോഗിച്ചും ജില്ലാ പ്ലാന്‍ ഫണ്ടും എം.എല്‍.എയുടെ വിഹിതവും വിനിയോഗിച്ചുമാകും പദ്ധതി പൂര്‍ത്തീകരിക്കരിക്കുകയെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി പറഞ്ഞു.
വകുപ്പുകള്‍ മെയ് അഞ്ചിനുള്ളില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് ഹരിതകേരളം മിഷന്‍, ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം.  നഗരസഭ അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.