തൃശ്ശൂർ:പറപ്പൂക്കര പഞ്ചായത്തിലെ ആശ പ്രവര്‍ത്തകര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. കോവിഡ്- 19 രോഗവ്യാപനഘട്ടത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആശാ പ്രവര്‍ത്തകര്‍ക്ക് ആധുനിക വിവര സാങ്കേതികതയെപ്പറ്റിയും അതിനുള്ള സാങ്കേതിക ഉപകരങ്ങളെപ്പറ്റിയും പരിചയപ്പെടുത്തുന്നതിനോടൊപ്പം അടിസ്ഥാന പരിശീലനംകൂടിയാണ് നല്‍കുന്നത്.ഐ ടി മിഷന് കീഴില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

പറപ്പൂക്കരഗ്രാമപഞ്ചായത്തിലെ 28 ആശാ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. എം എസ് ഓഫീസ്, എം എസ് വേര്‍ഡ്, എം എസ് എക്‌സല്‍ തുടങ്ങിയ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറുകളുടെ ഉപയോഗിക്കുന്നതിലുള്ള പരിശീലനവും ഇവര്‍ക്ക് ലഭിക്കും. കൂടാതെ ഗൂഗിള്‍ ക്രോം ബ്രൗസര്‍, മറ്റ് ഇന്റര്‍നെറ്റ് ബ്രൗസറുകളുടെ ഉപയോഗം, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉപയോഗം തുടങ്ങിയവയിലും പരിശീലനം നല്‍കും. ഐ ടി മിഷന് കീഴില്‍ അക്ഷയ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന 10 മണിക്കൂര്‍ പരിശീലനം അഞ്ച് ദിവസങ്ങളിലായാണ് നടത്തുന്നത്.രണ്ടു മണിക്കൂര്‍ വീതം ഓരോ ദിവസവും നാല് ബാച്ചുകള്‍ക്കാണ് പരിശീലനം നല്‍കുക. രാവിലെ 9 മുതല്‍ 6 വരെയാണ് പരിശീലനം.

പറപ്പൂക്കരഅക്ഷയ കേന്ദ്രത്തില്‍വെച്ച് നടന്ന പരിശീലന പരിപാടായിയുടെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ വി സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് മെമ്പര്‍ റീന ഫ്രാന്‍സിസ് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അക്ഷയ സംരംഭക പി കെ ഷീല സ്വാഗതവും ആശാ പ്രവര്‍ത്തക ബിജു അനില്‍ നന്ദിയും പറഞ്ഞു.