ഇടുക്കി:‍ ഫലപ്രാപ്തിയിലെത്തിക്കാന് കഴിയുന്ന പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ ജില്ലാ പഞ്ചായത്ത് മുന്തിയ പരിഗണന നല്‍കുമെന്നും, 2021-2022 വര്‍ഷത്തില്‍ സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെ പദ്ധതികള്‍ പ്രധാന്യത്തോടെ പരിഗണിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു.

ജില്ലാ സ്‌പോര്‍ടസ് കൗണ്‍സിലിന്റെ 2019-20 വാര്‍ഷിക പൊതുയോഗം ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസിഡന്റ്. പിന്നോക്ക ജില്ലയെന്ന ജില്ലയുടെ വിശേഷണം മാറ്റുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്.

ജില്ലയുടെ സാര്‍വ്വത്രിക വികസന മുന്നേറ്റം സാധ്യമാക്കുന്ന പദ്ധതികളുടെ നിര്‍ദ്ദശങ്ങള്‍ നല്‍കാന്‍ എല്ലാവരും ശ്രമിക്കണം. സ്‌കൂള്‍ തലത്തില്‍ തന്നെ കായിക താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമം സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കായിക രംഗത്തെ സമഗ്ര പുരോഗതിക്ക് വേണ്ടിയുള്ള ശ്രമമാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്നത്.ജില്ലാ ആസ്ഥാനത്ത് ഹെലിപാഡ് സൗകര്യമടക്കമുള്ള സ്റ്റേഡിയത്തിനുള്ള ശ്രമവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടത്തുന്നുണ്ട്. ഇത് സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ കുര്യാക്കോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി തന്നെ സ്വാഗതവും, വൈസ് പ്രസിഡന്റ് എം സുകുമാരന്‍ നന്ദിയും രേഖപ്പെടുത്തി. സ്പോര്‍ട്ട്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എക്സ് ഓഫീഷ്യോ അംഗങ്ങളായ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.